യൂറോപ്യൻ രാജ്യമായ ലക്സംബർഗിലുള്ള കമ്പനിയിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പുത്തൻവേലിക്കര തുരുത്തൂർ ഭാഗത്തുള്ള യുവതിയെയാണ് കബളിപ്പിച്ചത്

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം കല്ലായി കാര്യാട്ട് വീട്ടിൽ സാബർ അഹമ്മദ് അലി (30) യെയാണ് എറണാകുളം പുത്തൻവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. യൂറോപ്യൻ രാജ്യമായ ലക്സംബർഗിലുള്ള കമ്പനിയിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പുത്തൻവേലിക്കര തുരുത്തൂർ ഭാഗത്തുള്ള യുവതിയെയാണ് കബളിപ്പിച്ചത്. യുവതിയിൽ നിന്നും പല പ്രാവശ്യമായി ഒന്നര ലക്ഷത്തോളം രൂപ ഇയാൾ കൈക്കലാക്കിയിരുന്നു. തുടർന്ന് ജോലിക്കാര്യത്തെ പറ്റി അമ്പേഷിക്കുന്നതിനായി വിളിച്ച സമയം മുതൽ സാബർ ഫോൺ ബ്ലോക്ക് ചെയ്ത് വച്ചിരിക്കുകയായിരുന്നു. ദില്ലി എയർ പോർട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മുനമ്പം ഡി വൈ എസ് പി മുരളി എം കെയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പുത്തൻവേലിക്കര ഇൻസ്പെക്ടർ വി ജയകുമാർ , സബ് ഇന്‍സ്പെക്ടര്‍ എം എസ് മുരളി എ എസ് ഐ എം.എ ബിജു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

ചെക്ക്പോസ്റ്റിൽ പരിശോധന, കെഎസ്ആ‌ർടിസി ബസിൽ കടത്താൻ ശ്രമിച്ച കഞ്ചാവും പൊക്കി, പ്രതികളെയും പിടികൂടി

അതേസമയം ദില്ലിയിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത ധനമന്ത്രാലയത്തിന്‍റെ പേരിൽ തട്ടിപ്പ് നടത്തിയ നാല് പേർ പിടിയിലായി എന്നതാണ്. ധനമന്ത്രി നിർമ്മല സീതാരാമന്‍ഖെ അടക്കം വ്യാജ ഒപ്പുകൾ ഉണ്ടാക്കി തട്ടിപ്പ് നടത്തി വന്ന സംഘമാണ് പിടിയിലായത്. ഇൻഷറുസ് പോളിസിയിൽ പുതിയ കേന്ദ്ര സർക്കാർ പദ്ധതിയുണ്ടെന്ന വ്യാജേനയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. ധനമന്ത്രാലയം, ആർ ബി ഐ, എന്നിവയുടെ വ്യാജ ലെറ്റർ പാഡുകൾ, ഇ മെയിൽ ഐ ഡി എന്നിവ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തി വന്നത്. ധനമന്ത്രാലയം നൽകിയ പരാതിയിലാണ് ദില്ലി പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. പിടിയിലായ പ്രതികൾ ദില്ലി, യു പി സ്വദേശികളാണെന്ന് പൊലീസ് വ്യക്തമാക്കി. ഇൻഷുറൻസ് പോളിസി അടവ് മുടങ്ങിയവരെയും മെച്ച്വേർഡ് ആയവരെയും വിളിച്ച് കേന്ദ്രസർക്കാരിന്‍റെ പുതിയ പദ്ധതിയുണ്ടെന്ന് പറഞ്ഞ് പറ്റിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയത്. പണം തിരിച്ച് ലഭിക്കുമെന്നും അതിനായി പ്രോസസിംഗ് ഫീസ് അടയ്ക്കണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതികൾ പണം തട്ടിയത്.

ധനമന്ത്രാലയത്തിന്റെ പേരിൽ തട്ടിപ്പ്; നാല് പേർ പിടിയിൽ, ഉപയോഗിച്ചത് ധനമന്ത്രിയുടെ വ്യാജ ഒപ്പ്, ലെറ്റർപാഡ്