കൊണ്ടോട്ടി: കരിപ്പൂരിൽ വിമാനമിറങ്ങിയ മംഗലാപുരം സ്വദേശിയെ തട്ടിക്കൊണ്ടുപോയി പണവും മറ്റും കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ. പരപ്പനങ്ങാടി കെട്ടുങ്ങൽ ബീച്ച് മുസ്‌ലിയാർ വീട്ടിൽ റഷീദാ (33) ണ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച പുലർച്ച 4.30 നായിരുന്നു സംഭവം. കരിപ്പൂരിൽ ഷാർജയിൽ നിന്നെത്തിയ അബ്ദുന്നാസർ ശംസാദിനെയാണ് റശീദ് ഉൾപ്പടെ ഒമ്പതംഗ സംഘം തട്ടിക്കൊണ്ടുപോയി കവർച്ച ചെയ്തത്.

ഷാർജയിൽ നിന്നും കൂടെയുണ്ടായിരുന്ന യാത്രക്കാരനുമൊത്ത് ഓട്ടോയിൽ ഫറോക്ക് റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴിയിൽ കൊട്ടപ്പുറം തലേക്കരയിൽ വെച്ച് ക്രൂയിസർ വാഹനത്തിലും ബൈക്കിലുമെത്തിയ ഒമ്പതംഗ സംഘം ഓട്ടോ തടഞ്ഞു നിർത്തി ബലമായി പിടിച്ചിറക്കി ചാലിയം ഭാഗത്തേക്ക് തട്ടിക്കൊണ്ടുപോവുകയായിരുന്നു. കവർച്ചാ സംഘം മുഖം മറച്ചിരുന്നതിനാൽ തിരിച്ചറിയാനുള്ള സൂചനയൊന്നുംലഭിച്ചിരുന്നില്ല.

ഷാർജയിൽ നിന്നെത്തുന്ന യുവാവ് സ്വർണം കൊണ്ടുവരുന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സംഘം ശംസാദിനെ തട്ടിക്കൊണ്ടു പോകുന്നത്. ആളുമാറിയതിനെ തുടർന്നു കൈയിലുണ്ടായിരുന്ന റിയാൽ ഉൾപ്പടെ 7,000 രൂപയും എ ടി എമ്മിൽ നിന്ന് 23,000 രൂപയും അപഹരിക്കുകയായിരുന്നു. കൊന്നുകളയുമെന്ന ഭീഷണിയെ തുടർന്നാണ് എ ടി എം കാർഡും പിൻ നമ്പറും കവർച്ചാ സംഘത്തിന് കൈമാറിയത്. ശംസാദിനെ കാലിക്കഞ്ഞ് യൂനിവേഴ്‌സിറ്റിക്കടുത്ത് ഇറക്കി വിടുകയായിരുന്നു. തട്ടിക്കൊണ്ടുപോകാനു പയോഗിച്ച ക്രൂയിസർ ജീപ്പും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

റഷീദിന്റെ തന്നെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. കവർച്ചാ സംഘത്തിലെ മറ്റു പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു. കേസിനു തുമ്പുണ്ടാക്കാൻ വേണ്ടി 40 ഓളം സി സി ടിവികൾ പരിശോധിച്ചിരുന്നു. സി ഐ എൻ ബി ഷൈജു,എസ് ഐ വിനോദ് വലിയാട്ടൂർ, പ്രത്യേക അന്വേഷണ സംഘത്തിലെ സത്യനാഥൻ, ശശികുണ്ടറക്കാട്.കെ അബ്ദുൽ അസീസ്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി സഞ്ജീവ്, എന്നിവർക്ക് പുറമെ പമിത്, പ്രശാന്ത് എന്നിവർ ചേർന്നാണ് കവർച്ചാ സംഘത്തെ പിടികൂടിയത്. റഷീദിനെ മലപ്പുറം കോടതി റിമാന്‍ഡ് ചെയ്തു.