യുവാവ് മരിച്ചുവെന്ന് ഉറപ്പാക്കിയതോടെ സണ്ണി മൃതശരീരത്തിനൊപ്പം അന്നത്തെ രാത്രി കിടന്നുറങ്ങി. പിന്നീട് സ്റ്റൗവിൽ ഉപയോഗിക്കാൻ സൂക്ഷിച്ചു വെച്ച ഡീസൽ എടുത്ത് യുവാവിന്റെ ശരീരത്തിൽ ഒഴിച്ച് കത്തിച്ചു.

തൃശൂർ: കുന്നംകുളം ചൊവ്വന്നൂരിൽ വാടക ക്വാര്‍ട്ടേഴ്സില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായി സണ്ണി സൈക്കോ കില്ലറെന്ന് പൊലീസ്. ശനിയാഴ്ച രാത്രിയിൽ യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തോടൊപ്പം കിടന്നുറങ്ങി. സ്വവർഗാനുരാഗിയായി പ്രതി ശനിയാഴ്ച ബീവറേജിൽ വെച്ചാണ് മരിച്ച യുവാവിനെ പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും ക്വാർട്ടേഴ്സിൽ എത്തിയ ശേഷം സണ്ണി 500 രൂപ നൽകിയതായി പറയുന്നു. പിന്നീട് പണത്തിനായി പോക്കറ്റിൽ കയ്യിട്ടതോടെ സണ്ണി പ്രകോപിതനായി കത്തികൊണ്ട് യുവാവിനെ കുത്തുകയും പിന്നീട് ഇരുമ്പിന്റെ ചട്ടി ഉപയോഗിച്ച് തലക്കടിച്ചു കൊലപ്പെടുത്തിയെന്നുമാണ് പൊലീസ് പറയുന്നത്.

യുവാവ് മരിച്ചുവെന്ന് ഉറപ്പാക്കിയതോടെ സണ്ണി മൃതശരീരത്തിനൊപ്പം അന്നത്തെ രാത്രി കിടന്നുറങ്ങി. പിന്നീട് സ്റ്റൗവിൽ ഉപയോഗിക്കാൻ സൂക്ഷിച്ചു വെച്ച ഡീസൽ എടുത്ത് യുവാവിന്റെ ശരീരത്തിൽ ഒഴിച്ച് കത്തിക്കുകയും മുറി പൂട്ടി ബസിൽ വടക്കാഞ്ചേരിയിലെ സുഹൃത്തിന്‍റെ വീട്ടിലേക്ക് രക്ഷപ്പെടുകയും ചെയ്തു. വൈകിട്ട് അഞ്ചിന് ഇവിടെ നിന്നും ശക്തൻ സ്റ്റാൻഡിലേക്ക് പോയി. രാത്രി തൃശ്ശൂർ - കുന്നംകുളം ബസ്സിൽ കയറിയിരിക്കുന്നതിനിടെയാണ് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന പൂർത്തിയാക്കി. തുടർന്ന് മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. മരിച്ച യുവാവ് തമിഴ്നാട് സ്വദേശിയാണന്നാണ് സൂചന.ഇയാളുടെ ഫോട്ടോ പോലീസ് സംഘം നഗരത്തിലെ ബസ് സ്റ്റാന്‍റ് കേന്ദ്രീകരിച്ച് നാടോടി കച്ചവടം ചെയ്യുന്നവരെ കാണിച്ചിരുന്നു. പക്ഷേ ഇതുവരെ ആരും തിരിച്ചറിഞ്ഞിട്ടില്ല. അറസ്റ്റിലായ സണ്ണി 19 വയസ്സുള്ളപ്പോൾ അമ്മയുടെ അമ്മയെ മഴു ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തി കേസിലും 2005ൽ രാജസ്ഥാൻ സ്വദേശിയായ തൊഴിലാളിയെ വെട്ടി കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്.

ആദ്യത്തെ കേസിൽ മാനസിക രോഗിയാണെന്ന് പറഞ്ഞു വെറുതെ വിട്ടെങ്കിലും രണ്ടാമത്തെ കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ചു. തുടർന്ന് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി വിവിധ സ്ഥാപനങ്ങളിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തു വരുന്നതിനിടയാണ് ഈ കൊലപാതകവും നടത്തിയത്. പ്രതി തൃശൂരിലെ പ്രമുഖ വസ്ത്ര കടയിലാണ് ഇപ്പോൾ സെക്യൂരിറ്റിയായി ജോലി ചെയ്ത് വരുന്നത്. സിറ്റിപൊലീസ് കമ്മീഷണറടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥ സംഘം സംഭവം നടന്ന ചൊവ്വന്നൂരിലെ വാടക ക്വാർട്ടേഴ്സ്സ് സന്ദർശിച്ച് അന്വേഷണം വിലയിരുത്തി. കസ്റ്റഡിയിലുള്ള പ്രതി സണ്ണിയെ സിറ്റി പൊലീസ് കമ്മീഷണറുടെ സാന്നിധ്യത്തിൽ പൊലീസ് ചോദ്യം ചെയ്തു.