ഒന്നര ലക്ഷം രൂപ വിലവരുന്ന വെള്ളിയിൽ നിർമ്മിച്ച അയ്യപ്പ വിഗ്രഹം, ഓട്ടുവിളക്കുകൾ, കിണ്ടി എന്നിവയും കാണിക്കവഞ്ചികളിൽ നിന്ന് 7500 ഓളം രൂപയും പ്രതി കവർന്നിരുന്നു.

മാവേലിക്കര: വെൺമണി കുതിരവട്ടം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന്റെ പാറചന്ത ജംഗ്ഷനിലുള്ള മണ്ഡപത്തിൽ നിന്ന് വെള്ളി വിഗ്രഹവും പൂജാ സാധനങ്ങളും കവർന്ന പ്രതിയെ പൊലീസ് പിടികൂടി. മാവേലിക്കര തഴക്കര വലിയത്തറയിൽ പുത്തൻവീട്ടിൽ രാജേഷ് (41) ആണ് അറസ്റ്റിലായത്. ഇടുക്കി വാഗമൺ പശുപ്പാറയിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. കഴിഞ്ഞ ഫെബ്രുവരി 25 നാണ് മോഷണം നടന്നത്. ഒന്നര ലക്ഷം രൂപ വിലവരുന്ന വെള്ളിയിൽ നിർമ്മിച്ച അയ്യപ്പ വിഗ്രഹം, ഓട്ടുവിളക്കുകൾ, കിണ്ടി എന്നിവയും കാണിക്ക വഞ്ചികളിൽ നിന്ന് 7500 ഓളം രൂപയും പ്രതി കവർന്നിരുന്നു. സംഭവത്തിന് പിന്നാലെ ജില്ലാ പൊലീസ് മേധാവി എം.പി മോഹനചന്ദ്രന്റെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

Add Asianetnews as a Preferred SourcegooglePreferred

പ്രദേശത്തെ അറുപതോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്. വർഷങ്ങൾക്ക് മുമ്പ് വീടുവിട്ടുപോയ രാജേഷ്, മോഷണം നടത്തുന്ന ഇടങ്ങളിൽ ഉപയോഗിക്കുന്ന സിം കാർഡുകൾ നശിപ്പിച്ചുകളയുന്നത് പതിവായിരുന്നു. ഇത് പൊലീസിനെ കുഴപ്പിച്ചെങ്കിലും ഇയാളുടെ പഴയ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണം ഒടുവിൽ വാഗമണ്ണിലെ ഒളിത്താവളത്തിലേക്ക് എത്തുകയായിരുന്നു. അറസ്റ്റിലായ പ്രതിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയം ഭാഗത്ത് ഒളിപ്പിച്ചു വെച്ചിരുന്ന വിഗ്രഹവും മറ്റ് തൊണ്ടിമുതലുകളും പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.