ഇന്നലെ രാവിലെ 11 ന് ഷോപ്പിലെത്തിയ ഇയാൾ രണ്ടുകുപ്പി ബക്കാർഡി ഗ്രീൻലേബൽ മോഷ്ടിച്ച് പാന്‍റിനുള്ളിൽ ഒളിപ്പിച്ച ശേഷം ഒരു ബിയർ വാങ്ങി.
ആലപ്പുഴ: കൺസ്യൂമർ ഫെഡിന്‍റെ ബോട്ട് ജെട്ടിയിലെ പ്രീമിയം കൗണ്ടറിലെത്തി മദ്യം മോഷ്ടിച്ചയാൾ അറസ്റ്റിൽ. നോർത്ത് പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ കോടതിയിൽ ഹാജരാക്കി. തിരുവനന്തപുരം കഠിനംകുളം കാവാരത്ത് രാധാകൃഷ്ണന്‍റെ മകൻ രാധാ സുജിത്ത് എന്നു വിളിക്കുന്ന സുജിത്ത് (38 ) ആണ് അറസ്റ്റിലായത്.
ഇന്നലെ രാവിലെ 11 ന് ഷോപ്പിലെത്തിയ ഇയാൾ രണ്ടുകുപ്പി ബക്കാർഡി ഗ്രീൻലേബൽ മോഷ്ടിച്ച് പാന്‍റിനുള്ളിൽ ഒളിപ്പിച്ച ശേഷം ഒരു ബിയർ വാങ്ങി. ഇയാളുടെ പ്രവൃത്തിയിൽ സംശയം തോന്നിയ ജീവനക്കാർ പരിശോധിച്ചപ്പോഴാണ് മദ്യം ഒളിപ്പിച്ചിരിക്കുന്നത് ശ്രദ്ധയിൽ പെടുത്തിയത്.
നോർത്ത് പൊലീസിൽ വിവരം അറിയിച്ചതനുസരിച്ച് നോർത്ത് എസ്ഐ നിഥിൻ രാജിന്‍റെ നേതൃത്വത്തിലെത്തിയ സംഘമാണ് ഇയാളെ പിടികൂടിയത്. മോഷണക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരത്ത് മോഷണക്കേസിലെ പ്രതിയായ ഇയാൾ എറണാകുളത്ത് നിന്നു മടങ്ങുന്നതിനിടെയാണ് ആലപ്പുഴയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.
