തിരുവനന്തപുരം: വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റില്‍. വിഴിഞ്ഞം മുല്ലൂർ നെല്ലിക്കുന്ന് കൊറണ്ടിവിള വിജൂഷ ഭവനിൽ ബിജുവിനെ(27) ആണ് വിഴിഞ്ഞം പൊലീസ് പിടികൂടിയത്.  കഴിഞ്ഞ 23നാണ്  പരാതിക്കാരനായ വെങ്ങാനൂർ സ്വദേശി സനൽകുമാറിന്റെ സ്‌കൂട്ടർ മോഷണം പോയത്.

വെങ്ങാനൂർ ചാനൽക്കരയിലുളള കൂട്ടുകാരന്റെ വീട്ടിൽ എത്തിയതായിരുന്നു സനല്‍. സ്‌കൂട്ടർ പുറത്ത് വച്ചശേഷം കൂട്ടുകാരനെ കണ്ടിട്ട് പുറത്തിറങ്ങിയപ്പോൾ സ്‌കൂട്ടർ കാണാനില്ലായിരുന്നു. ഇതേ തുടർന്ന് വിഴിഞ്ഞം പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ വിഴിഞ്ഞം ഫിഷ്‌ലാൻഡിലെ പാർക്കിങ് മേഖലയിൽ നമ്പർ ചുരണ്ടിമാറ്റിയ രീതിയിൽ ഒരു സ്‌കൂട്ടർ കണ്ടു.

സ്‌കൂട്ടർ എടുക്കാൻ വന്ന ബിജുവിനെ സംശയത്തിന്‍റെ പേരിൽ പിടികൂടി ചോദ്യം ചെയ്തതിൽ നിന്നാണ് ഇയാളാണ് മോഷ്ടാവെന്ന് കണ്ടെത്തിയത്. വിഴിഞ്ഞം എസ്എച്ച്ഒ എസ് ബി പ്രവീൺ, ക്രൈം എസ്ഐ ജി കെ രഞ്ജിത്ത്, അസിസ്റ്റന്‍റ് എസ്ഐ വിൻസെന്റ്, സിപിഒമാരായ കൃഷ്ണകുമാർ, അജികുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.