ആലപ്പുഴ എടത്വ തായങ്കരി സ്വദേശി ആനന്ദ ഭവനത്തില്‍ ശ്രീരാജ് (32) എന്നയാളെയാണ് ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

തൃശൂര്‍: ഗുരുവായൂരിലെ പടിഞ്ഞാറെ നടയിലുള്ള ഹോട്ടല്‍ പരിസരത്തുനിന്നും മാനസികരോഗിയായ യുവാവിന്റെ വീഡിയോ മതസ്പര്‍ധ ഉണ്ടാക്കുന്ന രീതിയില്‍ കമന്റ് എഴുതി സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. ആലപ്പുഴ എടത്വ തായങ്കരി സ്വദേശി ആനന്ദ ഭവനത്തില്‍ ശ്രീരാജ് (32) എന്നയാളെയാണ് ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

12.01.2025 ന് ശേഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗുരുവായൂര്‍ പടിഞ്ഞാറെ നടയിലുള്ള ഹോട്ടല്‍ ഉടമയുടെ സമൂഹ സ്പര്‍ധ ഉളവാക്കുന്ന പ്രവൃത്തി സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപെടുകയായിരുന്നു. ഇക്കാര്യത്തിന് ഉടന്‍തന്നെ ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണത്തില്‍ ഇയാള്‍ 25 വര്‍ഷത്തോളമായി മാനസിക രോഗ ചികിത്സയിലാണെന്നുള്ള വ്യക്തമായ തെളിവു ലഭിക്കുകയും ചെയ്തു. പിന്നീട് ഈ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കുന്നതാണെന്നുള്ള വിവരം തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ വിവിധ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.

വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുന്നതിന്റെ ഭാഗമായുള്ള അന്വേഷണം ശക്തമാക്കുകയും ചെയ്തു. അതിന്റെ ഭാഗമായി ഗുരുവായൂര്‍ ഇന്‍സ്റ്റ ദി നാഷണലിസ്റ്റ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉടമകളും ശ്രീരാജ് ആര്‍ എന്ന ഫേസ് ബുക്ക് പേജിന്റെ അഡ്മിനും വീഡിയോ ഷെയര്‍ ചെയ്തതായി അന്വേഷണ സംഘത്തിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഇവര്‍ക്കെതിരെ ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ജി. അജയകുമാര്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സിറ്റി പൊലീസ് കമ്മിഷണറുടെ നിര്‍ദേശപ്രകാരം ഗുരുവായൂര്‍ അസി. കമ്മിഷണര്‍ ടി.എസ്. സിനോജ് നേതൃത്വം നല്‍കിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രതി ശ്രീരാജിന് എടത്വാ, പെരുവന്താനം, ചെര്‍പ്പുളശേരി, എറണാകുളം സെന്‍ട്രല്‍ എന്നീ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത സമാനമായ നാല് കേസുകളുണ്ടെന്ന് അന്വേഷണങ്ങളില്‍ വ്യക്തമായിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. അന്വേഷണ സംഘത്തില്‍ ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അജയകുമാര്‍ ജി, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ വിനയന്‍ എ.എസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഗഗേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ വൈശാഖ് എ.ആര്‍, റമീസ് എസ്, സോജേഷ് കെ. എന്നിവരാണ് ഉണ്ടായിരുന്നത്.

പരിശോധനയില്‍ അനുവദനീയമായ അളവിനേക്കാള്‍ 8 ഇരട്ടി മദ്യം; ഓട്ടോ മറിഞ്ഞ് 7 കുട്ടികൾക്ക് പരിക്കേറ്റ സംഭവത്തിൽ കേസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...