മാന്നാറിലെ കള്ള് ഷാപ്പിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ഇടിവള ഉപയോഗിച്ച് മർദിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം ഒളിവിൽ പോയ വിമൽകുമാറിനെ കട്ടപ്പനയിൽ നിന്നാണ് പിടികൂടിയത്. ഇയാൾക്കെതിരെ മറ്റ് കേസുകളുണ്ടെന്നും കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തെന്നും പൊലീസ് അറിയിച്ചു.
മാന്നാർ: ഷാപ്പിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കയ്യിൽ കരുതിയിരുന്ന ഇടിവള ഉപയോഗിച്ച് ക്രൂരമായി മർദിച്ച് പരിക്കേല്പിച്ച കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വള്ളക്കാലി മേല്പാടം ചിറ്റാടിയിൽ വീട്ടിൽ വിമൽകുമാറാണ് (41) മാന്നാർ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം.
കള്ള് ഷാപ്പിൽ വെച്ചുണ്ടായ വാക്ക് തർക്കത്തിനൊടുവിൽ പ്രതി ഇടിവള ഉപയോഗിച്ച് യുവാവിൻ്റെ മുഖത്തും മൂക്കിനും ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആദ്യം പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കട്ടപ്പന പുളിയന്മലയിൽ വെച്ച് പൊലീസ് ഇയാളെ പിടികൂടിയത്. പ്രതിയായ വിമൽകുമാറിനെതിരെ മാന്നാർ, വീയപുരം പൊലീസ് സ്റ്റേഷനുകളിൽ മറ്റ് കേസുകൾ നിലവിലുള്ളതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


