Asianet News MalayalamAsianet News Malayalam

ഇന്നോവയെ കടത്ത് വാഹനമാക്കി മാറ്റി, ബോണറ്റിനുള്ളിൽ വരെ കഞ്ചാവ്; ഒരാൾ അറസ്റ്റിൽ

 ഇയാള്‍ സഞ്ചരിച്ച ഇന്നോവ കാറും കസ്റ്റഡിയില്‍ എടുത്തു. മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയുടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 

man arrested with marijuana in wayanad
Author
Wayanad, First Published Jan 21, 2022, 11:17 AM IST

സുല്‍ത്താന്‍ബത്തേരി: മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ (Muthanga Check Post) നടത്തിയ വാഹനപരിശോധനയില്‍ കഞ്ചാവിന്റെ (Marijuana) വന്‍ശേഖരവുമായി മലപ്പുറം സ്വദേശി അറസ്റ്റിൽ. ഏറനാട് പാണ്ടിക്കാട് കുന്നുമ്മല്‍ വീട്ടില്‍ മുഹമ്മദ് മുബഷീര്‍ (28) ആണ് പിടിയിലായത്. ഇയാള്‍ സഞ്ചരിച്ച ഇന്നോവ കാറും കസ്റ്റഡിയില്‍ എടുത്തു. മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയുടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കാറിന്റെ ബോണറ്റിനുള്ളിലടക്കം വിവിധ ഭാഗങ്ങളില്‍ ഭദ്രമായി അടക്കം ചെയ്ത നിലയിലായിരുന്നു കഞ്ചാവ്.

ബോണറ്റ് തുറന്ന് മൂന്ന് പായ്ക്കറ്റും വാഹനത്തിനടിയില്‍ മുന്‍ഭാഗത്തിനും പിന്‍ചക്രത്തിന് സമീപത്ത് നിന്നും രണ്ട് വീതം പായ്ക്കറ്റും ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ നിഗീഷിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ പി എ പ്രകാശ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ മന്‍സൂര്‍ അലി, എം സി സനൂപ് എന്നിവരടങ്ങുന്ന സംഘമാണ് രാത്രിയില്‍ പരിശോധന നടത്തിയത്. പ്രതിയെ ബത്തേരി  ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു..

അതേസമയം, നിരവധി തവണ പിടിക്കപ്പെടുന്ന സാഹചര്യമുണ്ടായിട്ടും മുത്തങ്ങ ചെക്‌പോസ്റ്റ് തന്നെയാണ് കൂടുതല്‍ അളവില്‍ കഞ്ചാവ് കടത്താന്‍ ലഹരിമാഫിയകള്‍ ഉപയോഗിക്കുന്നത്. ചരക്ക് ലോറികളിലും സാധാരണ കാറുകളിലും കഞ്ചാവ് കടത്തുന്നതിന് പുറമെ ആഡംബര ബൈക്കുകളും കാറുകളും എംഡിഎംഎ അടക്കമുള്ള ന്യൂജന്‍ ലഹരിവസ്തുക്കള്‍ കടത്താന്‍ സംഘങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. വലിയ അളവില്‍ കഞ്ചാവടക്കമുള്ള വസ്തുക്കള്‍ പിടിക്കപ്പെട്ടാലും അന്വേഷണം ഉന്നതരിലേക്ക് എത്താത്തതാണ് മാഫിയകളെ സഹായിക്കുന്നത്. മാത്രമല്ല, ഒന്നിലധികം സംഘങ്ങള്‍ ഒരേ പാര്‍ട്ടിക്ക് വേണ്ടി തന്നെ കടത്തുകാരായി മാറുന്നുണ്ട്. ഒരിക്കല്‍ കേസിലകപ്പെട്ടവര്‍ തന്നെ വീണ്ടും സമാനകേസുകളില്‍ പിടിയിലായ സംഭവങ്ങളും ജില്ലയിലുണ്ടായിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios