Asianet News MalayalamAsianet News Malayalam

ചേർത്തലയിൽ വനിതാ പൊലീസ് ഓഫീസര്‍ക്ക് നേരെ ആക്രമണം, ബൈക്കിലെത്തി മാലപൊട്ടിക്കാന്‍ ശ്രമം

 ചേർത്തല റെയിൽവേ സ്റ്റേഷനുസമീപം എത്തിയപ്പോൾ സമീപമുള്ള പച്ചക്കറികടയിൽ നിന്നും വീട്ടുസാധനങ്ങൾ വാങ്ങുന്നതിനുവേണ്ടി സ്കൂട്ടറിന്റെ സ്പീഡ് കുറച്ചു. ഈ സമയം പുറകെയുള്ള ബൈക്കിന്റെ പിന്നിലിരുന്നയാൾ മാലപൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു.

man attack woman police officer in alappuzha cherthala
Author
Cherthala, First Published Oct 31, 2021, 7:05 AM IST

ആലപ്പുഴ: ചേർത്തലയിൽ(Cherthala) വനിതാ പൊലീസ് ഓഫീസര്‍ക്ക്(Woman police officer) നേരെ ആക്രമണം(Attack). കഴിഞ്ഞദിവസം ആരോഗ്യപ്രവർത്തകയെ സ്കൂട്ടർ ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെയാണ് വനിതാ സിവിൽ പോലീസ് ഓഫീസർക്കുനേരേയും ആക്രമണം ഉണ്ടായത്. വെള്ളിയാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. പട്ടണക്കാട് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ നഗരസഭ 25-ാം വാർഡ് അറക്കത്തറവെളി ചന്ദ്രബാബുവിന്റെ ഭാര്യ അജിതകുമാരിക്കുനേരെയായിരുന്നു ആക്രമണം ഉണ്ടായത്. 

പട്ടണക്കാട് പോലീസ് സ്റ്റേഷനിലെ ഡ്യൂട്ടി കഴി‍ഞ്ഞ് വീട്ടിലേക്ക് വരുകയായിരുന്നു അജിത. ദേശീയപാതയിലൂടെ വരുമ്പോൾ അജിതകുമാരിയെ പിന്തുടർന്ന് ഒരു ബൈക്കും ഉണ്ടായിരുന്നു. ചേർത്തല റെയിൽവേ സ്റ്റേഷനുസമീപം എത്തിയപ്പോൾ സമീപമുള്ള പച്ചക്കറികടയിൽ നിന്നും വീട്ടുസാധനങ്ങൾ വാങ്ങുന്നതിനുവേണ്ടി സ്കൂട്ടറിന്റെ സ്പീഡ് കുറച്ചു. ഈ സമയം പുറകെയുള്ള ബൈക്കിന്റെ പിന്നിലിരുന്നയാൾ മാലപൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ദേശീയപാതയിൽ ചേർത്തല റെയിൽവേസ്റ്റേഷന് സമീപത്ത് വച്ചാണ് ആക്രമണം നടന്നത്.. 

വനിതാ പൊലീസുകാരി നിയന്ത്രണം കൈവിടാതെ അക്രമിയുടെ നീക്കത്തെ ചെറുത്തതുകൊണ്ട് മാല നഷ്ടപ്പെട്ടില്ല. എന്നാൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു. റെയിൽവേസ്റ്റേഷന് പരിസരത്തുള്ള ആളുകൾ ഓടിയെത്തിയപ്പോഴേക്കും അക്രമകാരികൾ രക്ഷപ്പെട്ടിരുന്നു. വീഴ്ചയിൽ കാലിനു പരിക്കേറ്റതിനാൽ അജിതകുമാരി ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. ചേർത്തല പോലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. 

കഴിഞ്ഞ 24ന് വൈകുന്നേരം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ചേർത്തല പള്ളിപ്പുറം കേളമംഗലം വിനയ്ഭവനിൽ വിനയ് ബാബുവിന്റെ ഭാര്യ എസ് ശാന്തിക്കുനേരെയും അക്രമ ശ്രമം നടന്നിരുന്നു. ഈ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കുന്നതിനിടയിലാണ് വനിതാ പൊലീസ് ഓഫീസർക്കുനേരെ അക്രമം ഉണ്ടാകുന്നത്. ചേർത്തലയിൽ വിവിധയിടങ്ങളിലുണ്ടായ തുടർച്ചയായ മോഷണപരമ്പരകളുടെയും, സ്ത്രീകൾക്കുനേരെയുള്ള അക്രമസംഭവങ്ങളുടെയും പിന്നിലുള്ളവരെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ചേർത്തല പോലീസ്. ഇതുസംബന്ധിച്ച് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരുന്നു.

Follow Us:
Download App:
  • android
  • ios