മകൾക്ക് അസുഖം ബാധിച്ചതോടെ രണ്ട് ദിവസം യുവാവ് ജോലിക്ക് പോയില്ല. മുൻ ദിവസങ്ങളിലെ കൂലി വാങ്ങാൻ ഭാര്യക്കൊപ്പം കോണ്‍ട്രാക്ടറുടെ വീട്ടിലെത്തിയപ്പോഴാണ് മര്‍ദ്ദനമേറ്റത്.

കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കരയിൽ ജോലിക്കൂലി ചോദിച്ചതിന് തൊഴിലാളിയെ ഭാര്യയുടെ മുന്നിലിട്ടു മര്‍ദ്ദിച്ചതായി പരാതി. വെട്ടക്കവല സ്വദേശി വിജയകുമാറിനാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ യുവാവ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം നടന്നത്. 

മുട്ടവിള സ്വദേശിയായ കോണ്ട്രാക്ട‍‍ർ തങ്കപ്പൻപിള്ളയുടെ കീഴിൽ മേശരിപ്പണി ചെയ്തു വരികയായിരുന്നു വിജയകുമാർ. മകൾക്ക് അസുഖം ബാധിച്ചതോടെ രണ്ട് ദിവസം ജോലിക്ക് പോയില്ല. മുൻ ദിവസങ്ങളിലെ കൂലി വാങ്ങാൻ ഭാര്യക്കൊപ്പം കോണ്‍ട്രാക്ടറുടെ വീട്ടിലെത്തിയപ്പോൾ തര്‍ക്കമുണ്ടായി. ഇതിനിടെ പ്രകോപിതനായ തങ്കപ്പൻപിള്ള പട്ടിക കൊണ്ട് തന്‍റെ മുഖത്തടിച്ചെന്നും മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചെന്നുമാണ് വിജയകുമാറിന്റെ പരാതി.

വിജയകുമാറിന്റേയും ഭാര്യയുടെയും നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയാണ് തങ്കപ്പന്‍പിള്ളയെ തടഞ്ഞ് വിജയകുമാറിനെ രക്ഷിച്ചത്. തുടര്‍ന്ന് ഇവരെ നാട്ടുകാര്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. വിജയകുമാറിന്‍റെ പരാതിയിൽ കൊട്ടാരക്കര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Read More : വേദനകൊരുത്ത കൃത്രിമക്കാലിലും നടനവേദികളില്‍ മോഹിനിയായി ദേവിക