ആലപ്പുഴ: ബിയര്‍ കുപ്പികൊണ്ടുള്ള ഭര്‍ത്താവിന്‍റെ ആക്രമണത്തില്‍ ഭാര്യയ്ക്കും ഒന്നര വയസ്സുള്ള മകനും പരിക്കേറ്റു. കുടുംബവഴക്കിനെ തുടര്‍ന്നു പിണങ്ങിക്കഴിഞ്ഞിരുന്ന ചങ്ങനാശേരി സ്വദേശിയായ പ്രവീണ്‍ കുമാറാണ് ഭാര്യയെയും മകനെയും ബിയര്‍ കുപ്പികൊണ്ട് ആക്രമിച്ചത്.  ഗുരുതരമായി പരുക്കേറ്റ യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ കൈയില്‍ ആഴത്തില്‍ മുറിവുണ്ട്.

വരേണിക്കലുള്ള ഭാര്യയുടെ വീട്ടിലെത്തിയായിരുന്നു ആക്രമണം. സംഭവത്തില്‍ 33 കാരനായ പ്രവീണിനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ കുറത്തികാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ പകല്‍ 12നാണു സംഭവം. രാവിലെ 10നു വീട്ടിലെത്തിയ പ്രവീണ്‍കുമാറും രാഖിയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. തുടര്‍ന്നു പ്രവീണ്‍കുമാര്‍ ബീയര്‍ കുപ്പി പൊട്ടിച്ചു രാഖിയെ ആക്രമിച്ചു. ഇതിനിടെ രാഖിയുടെ കയ്യിലിരുന്ന കുട്ടിയുടെ ഇടതു കൈമുട്ടിനു മുകളില്‍ ആഴത്തില്‍ മുറിവേല്‍ക്കുകയായിരുന്നു.

നിലവിളി കേട്ടെത്തിയ സമീപവാസികള്‍ പ്രവീണ്‍കുമാറിനെ തടഞ്ഞുവച്ചു. രാഖിയെയും കുട്ടിയെയും ബന്ധുക്കളാണ് മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചത്. സിമന്റ് ഇഷ്ടിക കൊണ്ട് പ്രവീണ്‍കുമാര്‍ രാഖിയുടെ തലയ്ക്ക് അടിച്ചതായും ബന്ധുക്കള്‍ പറഞ്ഞു. ഒരു വര്‍ഷത്തിലേറെയായിഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടിലാണ്  രാഖി താമസം. പ്രവീണിന്‍റെ വീട്ടില്‍ വച്ചും ഇയാള്‍ രാഖിയെ മര്‍ദ്ദിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.