2025 ഫെബ്രുവരിയിലാണ് മുൻവൈരാഗ്യത്തിന് ആസ്പദമായ സംഭവം
തൃശൂർ: യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലായി. പുറത്തിറങ്ങി പ്രതികാരം ചെയ്യാനായി വൈരാഗ്യത്തിൽ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ച് കയറി യുവതിയേയും അമ്മയേയും അസഭ്യം പറയുകയും ലൈംഗിക ചേഷ്ടകൾ കാണിച്ച് മാനഹാനി വരുത്തുകയും ചെയ്ത യുവാവിനെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി കേസുകളിൽ പ്രതിയും സ്റ്റേഷൻ റൌഡിയുമായ വലപ്പാട് ബീച്ച് കിഴക്കന്‍ വീട്ടിൽ ജിത്ത് (34) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് 6.30-ഓടെയാണ് കേസിനാസ്പദമായ സംഭവം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. 2025 ഫെബ്രുവരിയിലാണ് മുൻവൈരാഗ്യത്തിന് ആസ്പദമായ സംഭവം. യുവതി വഴക്കുപറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ വലപ്പാട് ബീച്ചിലുള്ള യുവതിയുടെ വീട്ട് മുറ്റത്തക്ക് അതിക്രമിച്ച് കയറി യുവതിയെ തന്റെ കൈയിലുണ്ടായിരുന്ന എയർഗൺ കൊണ്ട് വെടിവച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് എയർ ഗൺ ഉപയോഗിച്ച് ഇയാൾ വെടിയുതിർത്തത്. ഈ സംഭവത്തിൽ ജിത്ത് അറസ്റ്റിലായി ജയിലിൽ കഴിയുകയും ചെയ്തിരുന്നു.
ജിത്തിന്റെ പേരിൽ വലപ്പാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വധ ശ്രമകേസും ഒരു അടിപിടി കേസും വീട് അതിക്രമിച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസും അടക്കം 7 ക്രിമിനൽ കേസുകളുണ്ട്. കൂടാതെ കാപ്പ സഞ്ചലന നിയന്ത്രണ ഉത്തരവ് ലംഘിച്ചതിന് ഒരു തവണ പിടികൂടി ജയിലിലടച്ചിട്ടുണ്ടായിരുന്നു. വലപ്പാട് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എബിൻ .സി.എൻ, എ.എസ്.ഐ സൈഫുദ്ദീൻ, സിവിൽ പൊലീസ് ഓഫീസർമാരായ സതീഷ്, ജെസ്ലിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


