മദ്യം നൽകാൻ വിസമ്മതിച്ചതിന് വൈരാഗ്യം തീർക്കാൻ യുവാവ് ആക്രമണം നടത്തി. പെരിഞ്ഞനം സ്വദേശിയായ സുജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാൾ.

തൃശൂര്‍: മദ്യം ചോദിച്ചത് കൊടുക്കാത്തതിന്റെ വൈരാഗ്യത്തിൽ ആക്രമണം. വധശ്രമം ഉള്‍പ്പെടെ പതിനാറ് ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റില്‍. പെരിഞ്ഞനം കോവിലകം സ്വദേശി തോട്ടുങ്ങല്‍ വീട്ടില്‍ സുജിത്തിനെയാണ് തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഏഴാം തിയതി വൈകീട്ടാണ് സംഭവമുണ്ടായത്. പെരിഞ്ഞനം കോവിലകം സ്വദേശി തറയില്‍ വീട്ടില്‍ ചന്ദ്രനോട് മദ്യം ചോദിച്ചത് കൊടുക്കാത്തതിലുള്ള വൈരാഗ്യത്താല്‍ കരുവത്തി സ്‌കൂളിന് മുന്‍വശം വെച്ച് ചന്ദ്രനെ അസഭ്യം പറഞ്ഞ് തടഞ്ഞ് നിറുത്തി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ചന്ദ്രന്റെ നഷ്ടപ്പെട്ട കണ്ണട നോക്കാന്‍ ചെന്ന ചന്ദ്രന്റെ കൊച്ചുമകളായ യുവതിയെ അസഭ്യം പറയുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട പരാതിയിലാണ് അറസ്റ്റ്. കയ്പമംഗലം മതിലകം കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളിലായി രണ്ട് വധശ്രമക്കേസിലും, ഒമ്പത് അടിപിടിക്കേസിലും, മയക്ക് മരുന്ന് കടത്തിയ ഒരു കേസിലും, അടക്കം ആകെ പതിനാറ് ക്രമിനല്‍ക്കേസിലെ പ്രതിയാണ് സുജിത്ത്. കൈപ്പമംഗലം പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. ആര്‍. ബിജു, എസ്.ഐ. ടി. അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

YouTube video player