മീനങ്ങാടി സ്റ്റേഷൻ പരിധിയിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നവീൻ ദിനേശ് എന്ന യുവാവിനെതിരെ പൊലീസ് കാപ്പ ചുമത്തി. വയനാട് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇയാളെ ആറ് മാസത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കി നാടുകടത്തി. ജില്ലയിലെ സാമൂഹ്യ വിരുദ്ധർക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് പോലീസ് അറിയിച്ചു.

കല്‍പ്പറ്റ: മീനങ്ങാടി സ്റ്റേഷന്‍ പരിധിയിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി പൊലീസ് ആറ് മാസത്തേക്ക് നാടുകടത്തി. കൃഷ്ണഗിരി കൊളഗപ്പാറ കൈതകാട്ടില്‍ വീട്ടില്‍ നവീന്‍ ദിനേശ്(25)നെയാണ് ആറു മാസത്തേക്ക് ജില്ലയിലേക്ക് പ്രവേശിക്കരുതെന്ന കര്‍ശന നിര്‍ദേശത്തോടെ നാടുകടത്തിയത്. വയനാട് ജില്ലാ പോലീസ് മേധാവി അരുണ്‍ കെ. പവിത്രന്‍ ഐ.പി.എസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ യതീഷ് ചന്ദ്ര ഐ.പി.എസിന്റെ ഉത്തരവ് പ്രകാരമാണ് നടപടി.

നവീൻ ദിനേശിനെതിരെ സുല്‍ത്താന്‍ ബത്തേരി സ്റ്റേഷനില്‍ വധശ്രമം, ആക്രമിച്ച് പരിക്കേല്‍പ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍, സംഘം ചേര്‍ന്ന് ആക്രമണം എന്നിങ്ങനെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജില്ലയില്‍ എല്ലാ സ്റ്റേഷന്‍ പരിധികളിലെയും ഗുണ്ടകളെയും സാമൂഹ്യ വിരുദ്ധരെയും തരം തിരിച്ച് കൂടുതല്‍ പേര്‍ക്കെതിരെ കാപ്പയടക്കമുള്ള ശക്തമായ നിയമ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.