Asianet News MalayalamAsianet News Malayalam

മലദ്വാരത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 101 പവൻ സ്വർണവുമായി കൊടുവള്ളി സ്വദേശി പിടിയിൽ

കരിപ്പൂരിൽ ഈയിടെയായി മല ദ്വാരത്തിൽ ഒളിപ്പിച്ചുള്ള സ്വർണ്ണ കടത്ത് പതിവാകുകയാണ്. 101 പവൻ സ്വർണ്ണം ഇത്തരത്തിൽ കടത്തുന്നതും അപൂർവ്വമാണ്

man caught by customs for smuggling 101 pavan gold in anal at kozhikode
Author
First Published Sep 8, 2022, 1:04 AM IST

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തില്‍  സ്വർണവേട്ട തുടർക്കഥ. മലദ്വാരത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 101 പവൻ സ്വർണം പിടികൂടി.ഇന്ന് പുലർച്ചെ ബഹ്റൈനിൽ നിന്നുള്ള ഐഎക്സ് 474 വിമാനത്തിലെത്തിയ കൊടുവള്ളി സ്വദേശി ഉസ്മാൻ വട്ടംപ്പൊയിലിനെയാണ് കസ്റ്റംസ് പിടികൂടിയത്.

എക്സ്റേ പരിശോധനയിൽ 29കാരന്റെ മലദ്വാരത്തിൽ ക്യാപ്സൂള്‍ രൂപത്തില്‍ സ്വർണ മിശ്രിതം  ഒളിപ്പിച്ചുവച്ചതായി കസ്റ്റംസ് കണ്ടെത്തുകയായിരുന്നു. മൂന്ന് ക്യാപ്സൂളുകളായാണ് 808 ഗ്രാം സ്വർണം സൂക്ഷിച്ചിരുന്നത്.

കസ്റ്റംസിന് മുൻപ് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു ഇയാളെ വിശദമായി പരിശോധിച്ചത്. ആദ്യം കുറ്റം സമ്മതിക്കാൻ ഉസ്മാൻ തയാറായിരുന്നില്ല. പിന്നീട് എക്സ്റേ പരിശോധനയിലാണ് മൂന്ന് ക്യാപ്സൂളുകൾ മലദ്വാരത്തിനുള്ളിൽ ഉള്ളതായി കണ്ടെത്തിയത്. 

കസ്റ്റംസ്  തുടർ നടപടികൾ സ്വീകരിച്ചു. കരിപ്പൂരിൽ ഈയിടെയായി മല ദ്വാരത്തിൽ ഒളിപ്പിച്ചുള്ള സ്വർണ്ണ കടത്ത് പതിവാകുകയാണ്. 101 പവൻ സ്വർണ്ണം ഇത്തരത്തിൽ കടത്തുന്നതും അപൂർവ്വമാണ്.

അതേ സമയം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജനുവരി മുതല്‍ ആഗസ്റ്റ് വരെയുള്ള എട്ട് മാസത്തിനിടെ പിടികൂടിയത് 112 കോടിക്കുള്ള അനധികൃത സ്വര്‍ണക്കടത്ത്. എയര്‍ കസ്റ്റംസ്, ഡി ആര്‍ ഐ, കസ്റ്റംസ് പ്രിവന്റീവ്, കരിപ്പൂര്‍ പൊലീസ് എന്നീ വിഭാഗങ്ങള്‍ പിടികൂടിയ സ്വര്‍ണക്കടത്തിന്റെ കണക്കാണിത്. കസ്റ്റംസ് 103.88 കോടിയുടെ സ്വര്‍ണം പിടികൂടുകയുണ്ടായി. മൊത്തം 201.9 കിലോ സ്വര്‍ണമാണ് പിടികൂടിയത്.

ഇതേ കാലയളവില്‍ കരിപ്പൂര്‍ കസ്റ്റംസ് 109.01 ലക്ഷം രൂപക്കുള്ള വിദേശ കറന്‍സികളും പിടികൂടിയിട്ടുണ്ട്. മറ്റ് വിഭാഗങ്ങള്‍ പിടികൂടിയതിന് പുറമേയാണിത്. 2021ല്‍ ഇതേ കാലയളവില്‍ 210 കേസുകളിലായി കസ്റ്റംസ് 135.12 കിലോ സ്വര്‍ണം പിടികൂടിയെങ്കില്‍ ഈ വര്‍ഷം 49.42 ശതമാനം വര്‍ധനയാണുണ്ടായത്.

സ്വര്‍ണം മിശ്രിത രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച് കടത്തിയതാണ് ഏറെയും. ഇലക്ട്രോണിക് വസ്തുക്കള്‍ക്കുള്ളില്‍ ഒളിപ്പിച്ചും വസ്ത്രത്തിനുള്ളില്‍ പ്രത്യേക അറകളുണ്ടാക്കിയും സ്വര്‍ണക്കട്ടികളും ആഭരണങ്ങളുമായി കടത്തിയതും പിടിക്കപ്പെട്ടിട്ടുണ്ട്. 

അതേസമയം നികുതിയടച്ച് നിയമവിധേയമായി കൊണ്ടുവന്നത് ഇതിലും കൂടുതലാണ്. നേരത്തേ 20 ലക്ഷമോ അതിലധികമോ രൂപയ്ക്കുള്ള സ്വര്‍ണം കടത്തുന്നവരെ അറസ്റ്റ് ചെയ്യാന്‍ ചട്ടം അനുവദിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് 50 ലക്ഷമോ അതിന് മുകളിലോ സ്വര്‍ണം കടത്തുന്നവരെ മാത്രമേ അറസ്റ്റ് ചെയ്യാവൂവെന്ന് പരിഷ്‌കരിച്ചിട്ടുണ്ട്. ഇതുപ്രകാരം ഈ കാലയളവില്‍ 146 പേര്‍ അറസ്റ്റിലായിട്ടുണ്ട്. അഞ്ച്  പേര്‍ റിമാന്‍ഡിലുമായിട്ടുണ്ട്.

സ്വര്‍ണ്ണക്കടത്ത് സംഘം യുവാവിനെ കൊലപ്പെടുത്തിയിട്ട് ഒന്നര മാസം, പ്രധാന പ്രതികളെ പിടിക്കാതെ പൊലീസ്

Follow Us:
Download App:
  • android
  • ios