Asianet News MalayalamAsianet News Malayalam

ഓർഡർ സ്വീകരിച്ച് എല്ലാവരെയും ഒരിടത്ത് എത്തിക്കും, നിമിഷങ്ങൾക്കകം വൽപ്പന, ഒടുവിൽ പ്രതി കഞ്ചാവുമായി പിടിയിൽ

കൊലപാതക കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ ആളെ കഞ്ചാവുമായി സിറ്റി ക്രൈം സ്ക്വാഡും ടൗൺ പൊലീസും ചേർന്ന് പിടികൂടി. 

Man convicted in murder case arrested with cannabis kozhikode
Author
First Published Dec 1, 2022, 8:16 PM IST

കോഴിക്കോട്: കൊലപാതക കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ ആളെ കഞ്ചാവുമായി സിറ്റി ക്രൈം സ്ക്വാഡും ടൗൺ പൊലീസും ചേർന്ന് പിടികൂടി. തമിഴ്നാട് സ്വദേശിയായ എം. മുരുകൻ (59 ) നെയാണ് ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 

ഒരു കിലോഗ്രാമിൽ താഴെ മാത്രം കഞ്ചാവ് തവണകളായി കൊണ്ടുവന്ന് വിദ്യാർത്ഥികളെ വലയിൽ വീഴ്ത്തുന്ന സംഘത്തിൽ പെട്ടയാളാണ് മുരുകൻ. ആന്ധ്രയിൽ നിന്നും കോയമ്പത്തൂരിൽ കഞ്ചാവ് എത്തിച്ചു നൽകുന്ന സംഘങ്ങളിൽ നിന്നാണ് ഇയാൾ കഞ്ചാവ് വാങ്ങുന്നത്. പാളയം ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും കഞ്ചാവ് വിൽപ്പന നടത്തുന്ന പ്രതിയെ ടൗൺ സബ്ബ് ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രൻ ആണ് അറസ്റ്റ് ചെയ്തത്. 

കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ബാറിന് മുന്നിൽ വെച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഫോൺ ചെയ്ത് ഓർഡർ ബുക്ക് ചെയ്ത ശേഷം ആവശ്യക്കാർ എത്തേണ്ട സ്ഥലം മുരുകൻ അറിയിക്കാറാണ് പതിവ്. എല്ലാവരോടും ഒരേ സ്ഥലത്ത് എത്തിച്ചേരാനാണ് പറയുക. എത്തിയ ഉടനെ വിൽപന നടന്ന് ആവശ്യക്കാർ കഞ്ചാവുമായി കടന്നുകളയുന്നതിനാൽ മുരുകനെ കഞ്ചാവുമായി പിടികൂടുക എളുപ്പമായിരുന്നില്ല. 

ജാമ്യം ലഭിക്കത്തക്ക അളവിൽ മാത്രം കഞ്ചാവുമായി വിദ്യാർത്ഥികൾക്കിടയിൽ ലഹരി വിൽപന നടത്തുകയും പുലർച്ചെ സമയങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് കഞ്ചാവ് വിൽപന നടത്തുകയും ചെയ്യുന്നതിനാൽ ഇയാൾ പിടിക്കപ്പെടാതെ കഴിഞ്ഞു വരികയായിരുന്നു. 

Read more: ബ്രേക്ക് പോയി, കൊടുംവളവും താഴ്ചയും നോക്കി ചേർത്ത് നിർത്താൻ നോക്കിയെങ്കിലും പാളി; കോട്ടയത്ത് ബസ് മറിഞ്ഞ് അപകടം

സിറ്റി ക്രൈം സ്ക്വാഡും ടൗൺ പൊലീസും നടത്തിയ പഴുതടച്ചുള്ള നീക്കത്തിലാണ് മുരുകൻ പുലർച്ചെ 40.60 ഗ്രാം കഞ്ചാവുമായി പിടിയിലായത്. കഞ്ചാവ് വിൽപ്പന നടത്തികിട്ടിയ നാലായിരം രൂപയും ടൗൺ പോലീസ് പിടിച്ചെടുത്തു. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.പ്രശാന്ത്കുമാർ, സി.കെ.സുജിത്ത്, ഷാഫി പറമ്പിത്ത്, സജേഷ് കുമാർ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Follow Us:
Download App:
  • android
  • ios