മണ്ണഞ്ചേരി: തൊഴിലുറപ്പ് ജോലിക്കിടെ നെഞ്ചുവേദന ഉണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മധ്യവയസ്കന്‍ മരിച്ചു. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് 3-ാമം വാർഡ് വെളിയിൽ പുരുഷോത്തമൻ (പുരുഷൻ -66 ) ആണ് മരിച്ചത്. വെള്ളിയാഴ്ച നാല് മണിയോടെ തൊഴിലുറപ്പ് ജോലിക്കിടെ നെഞ്ചുവേദനയെ തുടർന്ന് പണി ഇടയ്ക്ക് വച്ച് നിർത്തി വീട്ടിൽ വന്ന പുരുഷോത്തമനെ വീട്ടുകാർ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.

ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയ്ക്കാണ് മരിച്ചത്. മരംവെട്ട് തൊഴിലാളിയായിരുന്ന പുരുഷോത്തമൻ കഴിഞ്ഞ 10 വർഷത്തിലേറെയായി തൊഴിലുറപ്പ് തൊഴിലാളിയായിരിന്നു. മൂന്നാം വാർഡിൽ തന്നെ തീറ്റപ്പുൽ വെച്ച് പിടിപ്പിക്കുന്ന പണി ചെയ്യുന്നതിനിടയിലായിരിന്നു നെഞ്ചുവേദന അനുഭവപ്പെട്ടത്.