ഓയൂരിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ആൾ ചികിത്സയിലിരിക്കെ മരിച്ചു, 2 മക്കൾ ചികിത്സയിൽ
ഇന്നലെ രാത്രിയാണ് വിനോദ് കുമാർ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്
കൊല്ലം: ഓയൂരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. റോഡുവിള സ്വദേശി കൃഷ്ണ വിലാസം വീട്ടിൽ വിനോദ് കുമാർ(42) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് വിനോദ് കുമാർ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. വിനോദിന്റെ മക്കളായ മിഥുൻ (18) വിസ്മയ (14) എന്നിവർക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മക്കൾക്കൊപ്പം ദേഹത്ത് പെട്രോൾ ഒഴിച്ച ശേഷം വിനോദ് തീകൊളുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യാ ശ്രമം തടയാൻ ശ്രമിച്ചതിനിടെ കുട്ടികൾക്ക് പൊള്ളലേറ്റതാണോ എന്നും സംശയമുണ്ട്. മരണകാരണം വ്യക്തമല്ല.