മലപ്പുറം: ലോക്ക് ഡൗണിൽ നഗരത്തിൽ വാഹന പരിശോധനക്ക് നിൽക്കുന്ന പോലീസുകാർ വിശന്നിരിക്കില്ല. നഗരത്തില്‍ ജോലി ചെയ്യുന്ന പൊലീസുകാര്‍ക്ക് കൃത്യമായി ഭക്ഷണമെത്തിക്കാന്‍ മച്ചിങ്ങൽ സ്വദേശി തറയിൽ ഇസ്മായീലുണ്ട്. എന്നും രാവിലെ 10.30 ഓടെ തന്റെ സ്വന്തം ചെലവിൽ പാകം ചെയ്യുന്ന ലഘുഭക്ഷണവും ചായയും കുടിവെള്ളവും സൗജന്യമായി ട്രോമാ കെയർ വളണ്ടിയർമാരുടെ  സഹായത്തോടെ വാഹനത്തിൽ ദിവസവും എത്തിച്ച് നൽകും. 

ഉച്ചക്കുള്ള ചോറും, വേണമെങ്കിൽ രാത്രിയിലേക്കുള്ള ഭക്ഷണവും ഇദ്ദേഹം ആവശ്യാനുസരണം എത്തിച്ച് നൽകുന്നുണ്ട്. വാറങ്കോടിലെ സ്വകാര്യ ആശുപത്രിയിലെ ക്യാന്റീൻ നടത്തിപ്പുകാരനാണ്  ഇസ്മെയില്‍. ലോക്ക് ഡൗണിനെ തുടർന്ന് റോഡുകളിൽ ജോലി ചെയ്യുന്ന പൊലീസുകാർക്ക് ഭക്ഷണം ലഭിക്കാതെ പോകരുതെന്ന് കണ്ടാണ് ക്യാന്റീനിൽ പാകം ചെയ്യുന്ന ഭക്ഷണം അവരുടെ അടുത്തെത്തിക്കാൻ മുന്നോട്ട് വന്നതെന്ന് ഇസ്മെയില്‍ പറഞ്ഞു. 

സഹായത്തിനായി ട്രോമാ കെയർ പ്രവർത്തകരും രംഗത്ത് വന്നു. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ നമ്മളെ പോലെയുള്ളവർ മുന്നോട്ട്  വരേണ്ടത് നാടിന്റെ ആവശ്യമാണെന്ന് ഇസ്മായിൽ അറിയിച്ചു. ഭാര്യ ബദരിയ്യയും മക്കളായ ആഇശ ഫിദ, മുഹമ്മദ് ഹിബാൻ, ഫാത്വിമ ഫിസ എന്നിവരും സഹായത്തിനായി കൂട്ടിനുണ്ട്.