വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വന്‍ തോതില്‍ വിദേശ മദ്യ ശേഖരം കണ്ടെടുത്തത്. ജവാന്‍ ബ്രാന്‍ഡ് റമ്മിന്റെ ഓരോ ലിറ്ററിലുള്ള 39 കുപ്പികളാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. 

മാവേലിക്കര: കണ്ടിയൂരില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 39 ലിറ്റര്‍ വിദേശമദ്യവുമായി യുവാവ് മാവേലിക്കര പൊലീസിന്റെ പിടിയിലായി. കണ്ടിയൂര്‍ കുരുവിക്കാട് വീട്ടില്‍ ശ്രീജിത്ത് (29) ആണ് അറസ്റ്റിലായത്. പൊലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച രാത്രി 9.30 ഓടെ ശ്രീജിത്തിന്റെ കണ്ടിയൂരിലുള്ള വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വന്‍ തോതില്‍ വിദേശ മദ്യ ശേഖരം കണ്ടെടുത്തത്. ജവാന്‍ ബ്രാന്‍ഡ് റമ്മിന്റെ ഓരോ ലിറ്ററിലുള്ള 39 കുപ്പികളാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. 

മാവേലിക്കര ഇന്‍സ്‌പെക്ടര്‍ ജി പ്രൈജുവിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍, എസ് ഐമാരായ പദ്മകുമാര്‍, ആനന്ദകുമാര്‍, ശിവപ്രസാദ്, എ എസ് ഐ രാജഷ് ചന്ദ്രന്‍, സിപിഒമാരായ കെ അല്‍അമീന്‍, സുനില്‍കുമാര്‍ കെ വി എന്നിവര്‍ പങ്കെടുത്തു. ബാറും ബിവറേജസും തുറക്കാത്ത സാഹചര്യത്തില്‍ അവസരം മുതലെടുത്ത് വന്‍ വിലക്ക് വില്‍ക്കുവാനായി സൂക്ഷിച്ചതാണ് മദ്യമെന്ന് പൊലീസ് പറഞ്ഞു. 

ഇയാള്‍ക്ക് മദ്യം എത്തിച്ചു നല്‍കിയവരെ സംബന്ധിച്ച സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. മദ്യക്കുപ്പിയിലെ ബ്രാന്‍ഡിംഗ് ഉള്‍പ്പടെയുള്ളവയില്‍ സംശയമുള്ളതായും ഇതില്‍ വിശദമായ പരിശോധന നടക്കുമെന്നും പോലീസ് അറിയിച്ചു.