കോഴിക്കോട് വടകരയിൽ സ്റ്റാർട്ട് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട കാർ വീടിന്റെ മതിൽ തകർത്ത് തോട്ടിലേക്ക് മറിഞ്ഞു. അപകടത്തിൽ വില്ല്യാപ്പള്ളി സ്വദേശിയായ തൻസീമിന് പരിക്കേറ്റു. അഗ്നിരക്ഷാ സേനയെത്തിയാണ് കാറിൽ കുടുങ്ങിയ യുവാവിനെ പുറത്തെടുത്തത്.

കോഴിക്കോട്: സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് കാര്‍ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന് പരിക്ക്. കോഴിക്കോട് വടകര വില്ല്യാപ്പള്ളി സ്വദേശി കുളത്തൂരില്‍ ചാലില്‍ തന്‍സീമിനാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറാണ് തൻസീം സ്റ്റാര്‍ട്ട് ചെയ്തത്. അബദ്ധത്തിൽ ആക്‌സിലറേറ്ററിൽ കാൽ അമർന്നുപോയതോടെയാണ് അപകടം.

നിയന്ത്രണം വിട്ട് അതിവേഗത്തിൽ മുന്നോട്ട് കുതിച്ച കാർ വീടിൻ്റെ മതിൽ തകർത്ത് സമീപത്തെ തോട്ടിലേക്ക് പതിക്കുകയായിരുന്നു. അപകടത്തെ തുടർന്നുണ്ടായ വലിയ ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടി. ഇവരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. എന്നാൽ തൻസീമിനെ അപകടത്തിൽപെട്ട കാറിനുള്ളിൽ നിന്ന് പുറത്തിറക്കാനായില്ല. കാറിനകത്ത് തൻസീമിൻ്റെ കാൽ കുടുങ്ങിയിരുന്നു. ഇത് പുറത്തേക്ക് വലിച്ചെടുക്കാൻ സാധിച്ചില്ല. തുടർന്ന് അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. ഇവർ സ്ഥലത്തെത്തിയാണ് കാറിൽ നിന്ന് തൻസീമിനെ പുറത്തിറക്കിയത്. പിന്നീട് ഇദ്ദേഹത്തെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.