നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കടത്തിയ കേസില്‍ ഒളിവില്‍ പോയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിനെ വെട്ടിച്ച് കാറുപേക്ഷിച്ച് രക്ഷപ്പെട്ട പുതിയങ്ങാടി സ്വദേശി ഹാഷിമിനെയാണ് ഡാന്‍സാഫ് ടീമും ചേവായൂര്‍ പൊലീസും ചേര്‍ന്ന് പിടികൂടിയത്. 

കോഴിക്കോട്: നിരോധിത പുകയില ഉല്‍പന്നങ്ങളുമായി വന്ന കാര്‍ പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് കാറില്‍ നിന്നിറങ്ങി ഓടി രക്ഷപ്പെട്ട യുവാവിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് പുതിയങ്ങാടി പളളിക്കണ്ടി സ്വദേശി ഹാഷിം ആണ് പിടിയിലായത്. എരഞ്ഞിക്കലിലെ ഇയാളുടെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ എത്തിയാണ് ഡാന്‍സാഫ് ടീമും ചേവായൂര്‍ പൊലീസും അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുന്‍പ് ബാംഗ്ലൂരില്‍ നിന്ന് ചുവന്ന നിറത്തിലുള്ള ഫിയറ്റ് കാറില്‍ നിരോധ പുകയില ഉല്‍പന്നങ്ങളുമായി ഇയാള്‍ എത്തിയത്. പത്ത് ചാക്കുകളിലായി നിറച്ച നിലയിലായിരുന്നു ഇവ.

എരഞ്ഞിക്കലില്‍ വച്ച് പൊലീസ് കാറിന് കൈ കാണിച്ചെങ്കിലും പൊലീസിനെ വെട്ടിച്ച് ഹാഷിം കാറുമായി അതിവേഗത്തില്‍ കടന്നുകളയുകയായിരുന്നു. ഏഴ് കിലോമീറ്ററോളം ഇയാളെ പിന്തുടര്‍ന്ന പൊലീസ്, പിന്നീട് ആളൊഴിഞ്ഞ പറമ്പില്‍ വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഡോര്‍ തുറന്ന് പരിശോധിച്ചപ്പോള്‍ ചാക്കുകളില്‍ നിറച്ച നിലയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഇതിന് വിപണിയില്‍ പത്ത് ലക്ഷത്തോളം രൂപ വില വരുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഹാഷിമിനായുള്ള അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നതിനിടെ രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എരഞ്ഞിക്കലിലെ വീട്ടില്‍ പരിശോധിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.