തേയില തോട്ടത്തിൽ പണിയെടുക്കുന്നതിനിടെ പ്രൂണിങ് യന്ത്രത്തിൻ്റെ ബ്ലേഡ് ശരീരത്തിൽ തറച്ചുകയറി തൊഴിലാളി മരിച്ചു

ഇടുക്കി : തേയില ചെടികള്‍ വെട്ടിയൊതുക്കുന്നതിനിടെ പ്രൂണിംഗ് യന്ത്രത്തിന്റെ ബ്ലേഡ് ഒടിഞ്ഞ് തുടയിടുക്കില്‍ പതിച്ച് ഗുരുതരമായി പരുക്കേറ്റ തൊഴിലാളി മരിച്ചു. ചിന്നക്കനാല്‍ സൂര്യനെല്ലിയിലെ എച്ച് എം എല്‍ ഗുണ്ടുമല ഡിവിഷനിൽ താമസിക്കുന്ന വിജയ് ശേഖര്‍ (56) ആണ് മരിച്ചത്. എച്ച് എം എല്‍ ഗുണ്ടുമല ഡിവിഷനിലെ തൊഴിലാളിയായിരുന്നു. 

ഇന്ന് രാവിലെ 9.30നാണ് ജോലിക്കിടെ പ്രൂണിംഗ് യന്ത്രത്തിന്റെ ബ്ലേഡ് ഒടിഞ്ഞ് വിജയ് ശേഖറിന്റെ തുടയിടുക്കിലേക്ക് തുളച്ചു കയറിയത്. ഇരു തുടകളിലും ആഴത്തില്‍ മുറിവേറ്റത് കൂടാതെ വൃഷണ സഞ്ചി മുറിഞ്ഞു പോവുകയും ചെയ്തു. കൂടെയുണ്ടായിരുന്ന തൊഴിലാളികള്‍ വിജയ് ശേഖറെ സൂര്യനെല്ലിയിലെ എച്ച് എം എല്‍ ക്ലിനിക്കില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. സംസ്‌കാരം നാളെ ( ചൊവ്വാഴ്‌ച ) ന് സൂര്യനെല്ലിയിലെ പൊതു ശ്മശാനത്തില്‍ നടക്കും. വര്‍ഷങ്ങളായി എച്ച് എം എല്‍ ഗുണ്ടുമല ഡിവിഷനിലെ തൊഴിലാളികളാണ് വിജയ് ശേഖറും ഭാര്യ ഇസക്കിയമ്മാളും. മക്കള്‍: രാംകുമാര്‍, രാജലക്ഷ്മി.