തൃശൂര്‍: തൃശൂര്‍ ഒല്ലൂരില്‍ മിനി ടെമ്പോ സ്കൂട്ടറിൽ ഇടിച്ചു. സ്കൂട്ടർ യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒല്ലൂർ കമ്പനി പടിയിലാണ് അപകടം ഉണ്ടായത്. സ്കൂട്ടർ യാത്രികനായ തൈക്കാട്ടുശ്ശേരി കുരുതുകുളങ്ങര പല്ലിശേരി ഷാജി (51) നിസാര പരിക്കുകളോടെ പരിക്കേറ്റു. തൃശൂർ ഭാഗത്ത് നിന്ന് അമിതവേഗതയിലെത്തിയ മിനി ടെമ്പോ കമ്പനിപ്പടി സ്റ്റോപ്പിൽ ബസിന് പിറകിൽ നിർത്തിയിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ ബസിന് അടിയിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ സ്കൂട്ടർ പൂർണമായും തകർന്നു. മിനി ടെമ്പോ പാഞ്ഞുവരുന്നത് കണ്ട് സ്കൂട്ടറിൽ നിന്ന് റോഡിനരികിലേയ്ക്ക് ഷാജി എടുത്തു ചാടുകയായിരുന്നു. നിസാര പരിക്കേറ്റ ഇയാളെ ഒല്ലൂർ ആക്ട്സ് പ്രവർത്തകർ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.