ചീക്കോട്: മലപ്പുറം ചീക്കോട് വെട്ടൂപ്പാറ സ്വദേശി അരുണിനെ കാണാതായ കേസിൽ പൊലീസ് അന്വേഷണം അവസാനിപ്പിച്ചെന്ന പരാതിയുമായി ബന്ധുക്കൾ. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും അരുണിനെ കണ്ടെത്താൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. അരുണിനെ കാണാതായ വിഷമത്തിൽ അച്ചൻ സാമികുട്ടി ജീവനൊടുക്കിയിരുന്നു.

കഴിഞ്ഞ വർഷം മെയിൽ സുഹൃത്തുക്കൾക്കൊപ്പം വിനോദ യാത്രയ്ക്ക് പോയി തിരിച്ചെത്തിയ ദിവസമാണ് അരുണിനെ കാണാവുന്നത്. ചാലിയാർ പുഴയുടെ എടശ്ശേരിക്കടവ് പാലത്തിൽ വച്ച് സംസാരിച്ച് കൊണ്ടിരിക്കെ അരുൺ പുഴയിലേക്ക് എടുത്തു ചാടുകയായിരുന്നു എന്നാണ് സുഹൃത്തുക്കൾ പൊലീസിൽ മൊഴി നൽകിയത്. എന്നാൽ ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് നാല് ദിവസം തെരച്ചിൽ നടത്തിയിട്ടും അരുണിനെ കണ്ടെത്താനായില്ല.

അതിന് ശേഷം പല സ്ഥലങ്ങളിലായ അരുണിനെ കണ്ടതായി നാട്ടുകാർ അറിച്ചതോടെയാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. കേസിൽ അരുണിന്റെ സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തില്ലെന്ന് കുടുംബം ആരോപിക്കുന്നു. അതേസമയം, അരുണ്‍ ഒഴുക്കിൽ പെട്ടതാകാനാണ് സാധ്യതയെന്നാണ് പൊലീസ് പറയുന്നത്. അരുണിനെ മറ്റെവിടെയെങ്കിലും കണ്ടെന്ന വിവരം തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. കേസിൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.