മാഹിയില്‍ നിന്ന് സ്‌കൂട്ടറില്‍ അനധികൃതമായി മദ്യം കടത്തുകയായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശിയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. തിരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിനിടെ നടത്തിയ പരിശോധനയിൽ 64 കുപ്പികളിലായി സൂക്ഷിച്ച 34 ലിറ്റര്‍ മദ്യം ഇയാളില്‍ നിന്ന് പിടികൂടി.  

കോഴിക്കോട്: മാഹിയില്‍ നിന്ന് സ്‌കൂട്ടറില്‍ മദ്യം കടത്തുകയായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശിയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഖൊരഗ്പൂര്‍ സ്വദേശി ദേവ്ദിന്‍(34) ആണ് പിടിയിലായത്. 64 കുപ്പികളിലായി സൂക്ഷിച്ച 34 ലിറ്റര്‍ മദ്യം ഇയാളില്‍ നിന്ന് പിടികൂടി. കോഴിക്കോട്ടേക്ക് അനധികൃതമായി എത്തിച്ച് വില്‍പന നടത്താനുള്ള ശ്രമത്തിനിടയിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇയാള്‍ ഉപയോഗിച്ച സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തിരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി മാഹി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പരിശോധന നടത്തിയിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥരുടെ ഇടിയലേക്കാണ് ദേവ്ദിന് സ്‌കൂട്ടറുമായി എത്തിയത്. തുടര്‍ന്ന് വാഹനം തടഞ്ഞ് പരിശോധിക്കുകയായിരുന്നു. വടകര എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷൈലേഷ്, പ്രവന്റീവ് ഓഫീസര്‍ വിജയന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സന്ദീപ്, അശ്വിന്‍, അഖില്‍ മുഹമ്മദ് അജ്മല്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. വടകര കോടതിയില്‍ ഹാജരാക്കിയ ഇയാളെ പിന്നീട് റിമാന്റ് ചെയ്തു.