പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പള്ളിച്ചൽ സ്വദേശിക്ക് 27 വർഷം കഠിനതടവും 60,000 രൂപ പിഴയും. കാട്ടാക്കട അതിവേഗ കോടതിയുടേതാണ് വിധി.

തിരുവനന്തപുരം: പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 27 വർഷം കഠിനതടവ്. പള്ളിച്ചൽ സ്വദേശി ‘കുട്ടൻ’ എന്ന അനിൽകുമാറിനെ(43)യാണ് കാട്ടാക്കട അതിവേഗ കോടതി ശിക്ഷിച്ചത്. തടവിന് പുറമെ 60,000 രൂപ പിഴയും കോടതി വിധിച്ചു. 2023 ജൂലൈ 15നാണ് കേസിനാസ്പദമായ സംഭവം. കുട്ടി താമസിച്ചിരുന്ന വാടകവീട്ടിലെത്തി അശ്ലീല ദൃശ്യങ്ങൾ കാണിച്ചശേഷം പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും പ്രോസിക്യൂഷൻ വ്യക്തമാക്കി.

ഭീഷണി പെടുത്തിയതിനാൽ കുട്ടി അന്നേ ദിവസം വിവരം ആരോടും പറഞ്ഞില്ല.തുടർന്ന് പ്രതി ഈ കൃത്യം ആവർത്തിച്ചു. രണ്ടു ദിവസം കഴിഞ്ഞു ശരീരവേദനയെ തുടർന്ന് കുട്ടി അച്ചമ്മയെ അറിയിക്കുകയും വിവരം പൊലീസിൽ അറിയിച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡി .ആർ പ്രമോദ് കോടതിയിൽ ഹാജരായി. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 21 സാക്ഷികളെ വിസ്തരിക്കുകയും 36 രേഖകളും അഞ്ച് തൊണ്ടി മുതലുകളും ഹാജരാക്കി.