മദ്യലഹരിയിലായ ഭര്‍ത്താവ് ദേഹോദ്രപം ചെയ്യുന്നുവെന്ന പരാതിയുമായാണ് രാത്രിയില്‍ പുന്നപ്ര അറവുകാട് ഹരിജൻ കോളനിയിൽ അശോകന്‍റെ ഭാര്യ പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ വിളിച്ചത്. 

അമ്പലപ്പുഴ: കുടുംബ കലഹത്തിനിടെ സംഭവ സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തതായി പുന്നപ്ര പോലീസ് അറിയിച്ചു. മദ്യലഹരിയിലായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു. ഭാര്യയെയും മകളെയും മദ്യലഹരിയില്‍ അക്രമിക്കാൻ ശ്രമിച്ച ഭർത്താവിനെ തടയാൻ ശ്രമിച്ചപ്പോഴാണ് അയാള്‍ പൊലിസുകാരനെ വധിക്കാൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. പോലീസിനെ അക്രമിച്ചതിനെ തുടര്‍ന്ന് ഭർത്താവിനെ അറസ്റ്റ് ചെയ്തു. 

പുന്നപ്ര അറവുകാട് ഹരിജൻ കോളനിയിൽ അശോകനെ (55) യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് സംഭവം. മദ്യലഹരിയിലായ ഭര്‍ത്താവ് ദേഹോദ്രപം ചെയ്യുന്നുവെന്ന പരാതിയുമായാണ് രാത്രിയില്‍ പുന്നപ്ര അറവുകാട് ഹരിജൻ കോളനിയിൽ അശോകന്‍റെ ഭാര്യ പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ വിളിച്ചത്. ഇതിനെ തുടര്‍ന്ന് എസ്.ഐ പീറ്റർ അലക്സാണ്ടർ, സി.പി.ഒ വിനു, ഹോംഗാർഡ് ചാണ്ടി എന്നിവർ അശോകന്‍റെ വീട്ടിലെത്തി. ഈ സമയത്തും മദ്യലഹരിയിലായിരുന്ന അശോകന്‍ ഭാര്യയെ മര്‍ദ്ദിക്കുകയായിരുന്നു. 

പോലീസിനെ കണ്ടതോടെ ഇയാള്‍ ഭാര്യയെ കത്തി ഉപയോഗിച്ച് കുത്താൻ ശ്രമിച്ചു. ഇത് തടയാനായെത്തിയ സി.പി.ഒ വിനുവിന്‍റെ കഴുത്തില്‍ കമ്പി കൊണ്ട് ചുറ്റിപ്പിടിച്ച അശോകന്‍ ഉദ്യോഗസ്ഥനെ കൊല്ലാന്‍ ശ്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇതിനെ തുടര്‍ന്ന് മറ്റ് പോലീസുകാര്‍ ചേര്‍ന്ന് അശോകനെ കീഴ്പ്പെടുത്തുകയായിരുന്നു. ഇയാളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. 

കൂടുതല്‍ വായനയ്ക്ക്: റിഹാബ്‌ ഫൗണ്ടേഷന്‍ ബന്ധം; കെ സുരേന്ദ്രന്‍റെത് ഉണ്ടയില്ലാ വെടിയെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍