കൊച്ചിയിൽ പുലർച്ചെ പ്ലാസ്റ്റിക് ശേഖരിക്കാൻ ഇറങ്ങിയ എഴുപതുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി എറണാകുളത്തെ കോഫി ഷോപ്പിലെ ജീവനക്കാരൻ. സംഭവം നടന്നത് നവംബർ 13 ന് പുലർച്ചെ മൂന്ന് മണിക്ക്

കൊച്ചി: എഴുപതുകാരിയെ ആക്രമിച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ കടവന്ത്ര പോലീസ് പിടികൂടി. തോപ്പുംപടി ചുള്ളിക്കൽ ചക്കനാട്ട് ക്ഷേത്രത്തിന് സമീപം എ.പി. ജോസഫ് റോഡിൽ താമസിക്കുന്ന ഇക്ബാലിന്റെ മകൻ യാസിർ അഫ്രീദ് (29) ആണ് അറസ്റ്റിലായത്. ഇയാൾ എറണാകുളത്തെ 'കാപ്പി & കോ' കോഫി ഷോപ്പിലെ ജീവനക്കാരനാണ്. നവംബർ 13-ന് പുലർച്ചെ മൂന്ന് മണിയോടെ എളംകുളം വില്ലേജ് നോർത്ത് ഗിരിനഗർ കോളനി ഭാഗത്തെ റോഡിലാണ് സംഭവം നടന്നത്. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനായി റോഡിലൂടെ നടന്നുപോകുകയായിരുന്ന എഴുപതുകാരിയെ പ്രതി പിന്നിലൂടെയെത്തി വായ് പൊത്തിപ്പിടിച്ച് തള്ളി നിലത്തിടുകയായിരുന്നു. തുടർന്ന് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെങ്കിലും വയോധിക ഉച്ചത്തിൽ നിലവിളിച്ചതോടെ പ്രതി ബൈക്കിൽ കയറി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

സംഭവത്തെ തുടർന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ആർ. നിശാന്തിനി ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം പോലീസ് പ്രത്യേക അന്വേഷണം ആരംഭിച്ചു. എറണാകുളം സെൻട്രൽ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സിബി ടോമിൻ്റെ നേതൃത്വത്തിൽ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്. കടവന്ത്ര സർക്കിൾ ഇൻസ്പെക്ടർ വിനോദ് ആർ., സബ് ഇൻസ്പെക്ടർ ഹരികൃഷ്ണൻ ആർ., സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ അനീഷ്, ഷിബു എന്നിവർക്കൊപ്പം കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ ഹരി, എഡ്വിൻ, ബിബിൻ, ഉണ്ണികൃഷ്ണൻ, സുനിൽ, രമ്യ എന്നിവരും സെൻട്രൽ എ.സി.പി. സ്ക്വാഡിലെ എസ്.ഐ. ഷാജി, പ്രശാന്ത്, വിബിൻ, അജിലേഷ്, സുനിൽ എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.