തിരുവനന്തപുരം: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിയന്ത്രണങ്ങള്‍ പാലിക്കാതെ നിരത്തിലിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി പൊലീസ് സജീവമാണ്. അനാവശ്യമായി യാത്ര ചെയ്യുന്നവരെ പിടികൂടിയും അത്യാവശ്യ യാത്രക്കാരുടെ പക്കല്‍ നിന്ന് സത്യവാങ്മൂലം വാങ്ങിയും നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് പൊലീസ്. ഇതിനിടെ പലവിധ കാരണങ്ങളുമായി വെറുതെ റോഡിലിറങ്ങുന്നവരുമുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇന്നലെ കാട്ടാക്കട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉണ്ടായത്. 

വാഹനപരിശോധനക്കിടെ ഇരുചക്രവാഹനത്തിലെത്തിയ യുവാവിനോട് എവിടെ പോകുകയാണെന്ന് പൊലീസ് ചോദിച്ചു. ജോത്സ്യനെ കാണാനെന്നായിരുന്നു യുവാവ് നല്‍കിയ മറുപടി. പൂവച്ചലില്‍ നിന്ന് വരികയാണെന്നും മലയിന്‍കീഴില്‍ പോയി ജ്യോത്സ്യനെ കാണണമെന്നും ഇയാള്‍ പറഞ്ഞു. എന്താണ് ഇപ്പോള്‍ ജോത്സ്യനെ കാണുന്നതിന്‍റെ കാരണമെന്ന സിഐയുടെ ചോദ്യത്തിന് സമയം മോശമാണെന്നായിരുന്നു മറുപടി ലഭിച്ചത്. 

ഈ പ്രത്യേക സാഹചര്യത്തിൽ ഏതു ജ്യോത്സ്യനെയാണ് കാണാന്‍ പോകുന്നതെന്ന് ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടി ലഭിച്ചില്ല. ഏതെങ്കിലും  ഒരു ജ്യോത്സ്യനെ പരിചയപ്പെടുത്തിയാൽ മതിയോ എന്നായി സിഐ. മതിയെന്ന് യുവാവ് സമ്മതവും മൂളി. 'ജ്യോത്സ്യനെ' കാണിക്കാനായി സിഐയും സംഘവും ഇയാളുമായി എത്തിയത് മീറ്ററുകൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ.

ഇവിടെയാണോ ജ്യോത്സ്യൻ എന്ന് യുവാവ് പൊലീസിനോട് ചോദിച്ചു. ഇവിടെയും കുറിപ്പെഴുതുന്ന ജ്യോത്സ്യൻ  ഉണ്ടെന്നു പൊലീസിന്‍റെ മറുപടി. ഉടൻ ജ്യോത്സ്യനോട് 'സാർ പറയുമോ ഞാൻ തന്നെ ചോദിക്കണോ' എന്നായി യുവാവ്. അകത്തേക്ക് കയറിയ ഇൻസ്‌പെക്ടർ ചാവി വാങ്ങി വച്ച ശേഷം ജ്യോത്സ്യൻ ഇപ്പൊള്‍ വരുമെന്ന് പറഞ്ഞ് ഇയാളെ  സ്റ്റേഷനിൽ ഇരുത്തി തിരികെ ജോലിയിൽ വ്യാപൃതനായി. കുറച്ചു കഴിഞ്ഞപ്പോഴാണ് കാര്യങ്ങള്‍ അത്ര പന്തിയല്ല എന്ന് യുവാവിന് മനസ്സിലായത്. അനാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങരുതെന്ന താക്കീത് നല്‍കിയ പൊലീസ് ഉത്തരവ് ലംഘിച്ചു യാത്ര നടത്തിയതിന് ഇയാള്‍ക്കെതിരെ കേസെടുത്ത് വാഹനം കസ്റ്റഡിയിൽ എടുത്തു. നിയന്ത്രണങ്ങള്‍ പാലിക്കാതെ അനാവശ്യകാര്യങ്ങള്‍ക്ക് നിരത്തിലിറങ്ങുന്നവരുടെ 'സമയം അത്ര നല്ലതല്ലെ'ന്ന് ഇതോടെ യുവാവിന് ബോധ്യമായി.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക