മുന്‍പ് പലതവണ റോഡ് നവീകരിച്ചിരുന്നുവെങ്കിലും ടോറസ് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ പോയി തുടങ്ങിയതോടെ   സഞ്ചാരയോഗ്യമല്ലാതാകുകയായിരുന്നു.

തൃശൂര്‍: പാലിയേക്കര ടോള്‍ പാതക്ക് സമാന്തര പാതയായ മണലി-മടവാക്കര റോഡ് നവീകരിച്ച് തുറന്നുനല്‍കി. മാസങ്ങളായി തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതായി കിടന്ന റോഡ് കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 40 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരിച്ചത്. ചാലക്കുടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് തൃശൂര്‍, പാലക്കാട് ഭാഗത്തേക്ക് ടോള്‍ ഒഴിവാക്കി പോകാനുള്ള റോഡാണിത്.

ഭാരവാഹനങ്ങള്‍ കൂടുതലായി കടന്നുപോയതോടെയാണ് റോഡ് തകര്‍ച്ചയുടെ വക്കിലെത്തിയത്. മുന്‍പ് പലതവണ റോഡ് നവീകരിച്ചിരുന്നുവെങ്കിലും ടോറസ് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ പോയി തുടങ്ങിയതോടെ സഞ്ചാരയോഗ്യമല്ലാതാകുകയായിരുന്നു. നെന്‍മണിക്കര പഞ്ചായത്തിന്റെ പരിധിയിലുള്ള റോഡ് തകര്‍ന്നത് നവീകരിക്കാതെ വന്നതോടെ ഏറെ പരാതിക്കും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. ഇതിനിടെയാണ് എം.എല്‍.എ ഇടപെട്ട് റോഡ് നവീകരിച്ചത്.

കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ. റോഡ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. ഗ്രാമപഞ്ചായത്ത് അംഗം കെ.വി. ഷാജു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍ എന്നിവര്‍ സംസാരിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം 35 ലക്ഷം രൂപയും വശങ്ങള്‍ സംരക്ഷിക്കുന്നതിനും ഐറിഷ് ഡ്രൈന്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ക്കും 8.3 ലക്ഷം രൂപ എം.എല്‍.എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും അനുവദിച്ചതായും എം.എല്‍.എ. അറിയിച്ചു.