പലവിധ രോഗങ്ങളാൽ മരുന്നിനും ജീവിത ചെലവിനും പോലും വകയില്ലാതെ കഴിയുന്ന ഇവര്‍ സുമനസുകളുടെ സഹായത്തിനായി കാത്തിരിക്കുകയാണ്.
മാന്നാർ: വായ്പാ തിരിച്ചടവ് മുടങ്ങി വീട് നഷ്ടപ്പെടുമെന്ന ഭയത്തില്‍ ഏഴംഗ കുടുംബം. പലവിധ രോഗങ്ങളാൽ മരുന്നിനും ജീവിത ചെലവിനും പോലും വകയില്ലാതെ കഴിയുന്ന ഇവര്‍ സുമനസുകളുടെ സഹായത്തിനായി കാത്തിരിക്കുകയാണ്. മാന്നാർ ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് കുട്ടംപേരൂർ ദേവൂട്ടിയിൽ അനിത (37), അഞ്ചാംക്ലാസിലും മൂന്നിലും പഠിക്കുന്ന രണ്ട് പെൺമക്കൾ, അനിതയുടെ മാതാപിതാക്കളായ അരവിന്ദാക്ഷക്കുറുപ്പ് (75), ശാന്തമ്മ (64), ശാന്തമ്മയുടെ മാതാവ് സരസ്വതി അമ്മ (88), അനിതയുടെ ഭർതൃ മാതാവ് പത്മാവതിയമ്മ (78) എന്നിവരാണ് ദുരിതക്കയത്തിൽ കണ്ണീരോടെ കഴിയുന്നത്.
സൗദിയിൽ വെൽഡറായി ജോലി ചെയ്തിരുന്ന അനിതയുടെ ഭർത്താവ് അമ്പിളികുമാർ 2020ൽ അവധിക്ക് നാട്ടിൽ എത്തുകയും കുട്ടംപേരൂർ സർവീസ് സഹകരണ ബാങ്കിൽ നിന്നും 18 ലക്ഷം രൂപ ലോണെടുത്ത് 8 സെന്റ് സ്ഥലവും വീടും വാങ്ങുകയുണ്ടായി. പിന്നീട് കോവിഡ് സാഹചര്യത്തിൽ വിദേശത്തേക്ക് മടങ്ങിപ്പോകാൻ കഴിയാതെ ജോലി നഷ്ടപ്പെടുകയും ചെയ്തു. തുടർന്ന് 2022 ൽ കുവൈറ്റിൽ ഡിഫൻസിൽ ജോലി ലഭിച്ച അമ്പിളികുമാർ വിദേശത്തേക്ക് പോകുന്നതിനായുള്ള മെഡിക്കൽ ചെക്കപ്പ് എടുത്തപ്പോൾ ക്യാൻസർ ബാധിതനാണെന്നും നാലാം സ്റ്റേജിലെത്തിയതായും അറിഞ്ഞു. 2022 സെപ്റ്റംബർ 22ന് അമ്പിളികുമാര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു.
ജന്മനാ ഹൃദയസംബന്ധമായ അസുഖമുള്ള മൂത്ത മകൾക്ക് ആറാം മാസത്തിൽ അതിനുള്ള ശസ്ത്രക്രിയ നടത്തിയിരുന്നു. തുടർന്ന് നാലാം വയസിൽ അഡിനോടോൺ ടൈറ്റിസ് എന്ന രോഗത്തിന് വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയയായി. ഇളയ മകൾക്കും ആറുമാസം മുൻപ് ഇതേ രോഗത്തിന് ശസ്ത്രക്രിയ നടത്തേണ്ടിയും വന്നു. അനിതയുടെ പിതാവ് അരവിന്ദാക്ഷക്കുറുപ്പിന് കേൾവി ശക്തി ഇല്ല. മാതാവ് ശാന്തമ്മ കാലുകളിലെ മുട്ടു മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായി ചികിത്സയിൽ കഴിയുകയാണ്. പ്ലസ്ടു പഠനത്തിനുശേഷം ഏവിയേഷൻ കോഴ്സ് പഠിച്ച അനിത ജീവിത സാഹചര്യങ്ങൾ കൊണ്ട് തയ്യൽ ജോലി ചെയ്തും കോഴികളെ വളർത്തിയുമായിരുന്നു കുടുംബം പോറ്റിയിരുന്നത്. എന്നാൽ രണ്ടുമാസം മുമ്പ് അനിതയ്ക്കും ശസ്ത്രക്രിയ ആവശ്യമായി വരികയും ഇതുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന സമയം വളർത്തിയിരുന്ന കോഴികളെ എല്ലാം തെരുവുനായ്ക്കൾ കൊന്നൊടുക്കുകയും ചെയ്തതോടെ ഉള്ള വരുമാനവും നിലച്ചു.
ജീവിത ചെലവിന് പോലും നിവൃത്തിയില്ലാതായ കുടുംബം ബാങ്കിൽ നിന്നും നൽകിയ ജപ്തി നോട്ടീസുമായി എന്തു ചെയ്യുമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ്. കുടിശ്ശിക തീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ബാങ്കിൽ നടത്തിയ അദാലത്തിൽ ബാങ്കിന്റേതായ ഇളവുകൾ നൽകാമെന്ന് പറഞ്ഞെങ്കിലും മാർച്ച് 31നുള്ളിൽ ഇളവ് കഴിഞ്ഞുള്ള 22 ലക്ഷത്തോളം രൂപ തിരികെ അടച്ചില്ലെങ്കിൽ റവന്യൂ റിക്കവറിയിലേക്ക് കടക്കുമെന്നാണ് ബാങ്ക് അധികൃതർ അറിയിച്ചിരിക്കുന്നത്. കുടുംബാംഗങ്ങളുടെ ചികിത്സയിനത്തിൽ 5 ലക്ഷം രൂപയോളം കടബാധ്യതകൾ വേറെയും ഉണ്ട്. ഇവരുമായി ബന്ധപ്പെടാനുള്ള നമ്പര്‍ ചുവടെ നല്‍കുന്നു.
അനിതയുടെ ഫോൺ നമ്പർ: 9747677116
ബാങ്ക് അക്കൗണ്ട്: അനിതകുമാരി വി. എസ്, 553502010006393,IFSC CODE - UBIN0555355,യൂണിയൻ ബാങ്ക് മാന്നാർ ബ്രാഞ്ച്.
