Asianet News MalayalamAsianet News Malayalam

പ്രാരാബ്ധങ്ങളെ തോൽപ്പിക്കാൻ ഉപ്പേരി വിറ്റ് മാന്ത്രികൻ മനു മങ്കൊമ്പ്

പ്രളയത്തിൽ 26 ലക്ഷം രൂപ വിലവരുന്ന മായാജാല ഉപകരണങ്ങളും സമ്പാദ്യവും മനുവിനു നഷ്ടപ്പെട്ടത് കണ്ണുംപൂട്ടി രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയതുകൊണ്ടായിരുന്നു. 

Manu Mankomp, the magician who sells food products to defeat the struggles
Author
Alappuzha, First Published Dec 28, 2021, 11:59 PM IST

കുട്ടനാട്: വേദികളിൽ മായാജാലംകാട്ടി വിസ്മയപ്പെടുത്തിയിരുന്ന കുട്ടനാട്ടുകാരനായ മാന്ത്രികൻ മനു മങ്കൊമ്പ് ജീവിക്കാൻ ഉപ്പേരി വിൽക്കുകയാണ്. പ്രളയവും കൊവിഡും വെച്ചുനീട്ടിയ പ്രാരാബ്ധങ്ങളെ മങ്കൊമ്പ് കവലയിലെ തന്റെ ‘വിസ്മയം’ കടയിൽനിന്ന് ഉപ്പേരി വറുത്ത് നേരിടുകയാണ് ഈ മാന്ത്രികൻ. 

കൊവിഡിൽ വരുമാനം നഷ്ടപ്പെട്ട് കുടുംബം പോറ്റാനായി പോരടിക്കുന്ന ആയിരങ്ങളിലൊരുവനാണ് ഈ മാന്ത്രികനിപ്പോൾ. മായാജാലക്കാരന്റെ മന്ത്രവടി ഉയർന്നുപൊങ്ങുമ്പോൾ കൺമുന്നിലുള്ളത് ഇല്ലാതാകുന്നതുകണ്ട് നമ്മൾ അത്ഭുതപ്പെടാറുണ്ട്. എത്രയോ വേദികളിൽ അത്തരം പ്രകടനത്തിലൂടെ കാണികളെ അമ്പരപ്പിച്ച മാന്ത്രികനാണ് മനു മങ്കൊമ്പ്. 

ഒടുവിൽ അദ്ദേഹത്തിന്റെ ജീവിതത്തിലും സംഭവിച്ചു അത്തരമൊരു അപ്രത്യക്ഷമാകൽ. സ്വരുക്കൂട്ടിയതെല്ലാം കൺമുന്നിൽനിന്ന് ഒറ്റരാത്രികൊണ്ട് ഇല്ലാതായ 2018-ലെ പ്രളയം. പിന്നാലെ പട്ടിണിയിലേക്കു തള്ളിവിട്ട് കൊവിഡ് മഹാമാരി എത്തി. 860-ലധികം ഫയർ എസ്കേപ്പ് നടത്തി ഗിന്നസ് പുസ്തകത്തിൽ ഇടംപിടിച്ചയാളാണ് മനു. പ്രളയത്തിൽ 26 ലക്ഷം രൂപ വിലവരുന്ന മായാജാല ഉപകരണങ്ങളും സമ്പാദ്യവും മനുവിനു നഷ്ടപ്പെട്ടത് കണ്ണുംപൂട്ടി രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയതുകൊണ്ടായിരുന്നു. 

കുറെയധികം ജീവൻ രക്ഷിക്കാനായതു മാത്രമായിരുന്നു ആശ്വാസം. ഉള്ള പൊന്നും പണ്ടങ്ങളും പണയംവെച്ചും വായ്പയെടുത്തും ഉപജീവനത്തിനു വേണ്ട ഉപകരണങ്ങൾ വീണ്ടും സ്വന്തമാക്കി. വേദികൾ കിട്ടിത്തുടങ്ങിയപ്പോഴാണ് കോവിഡ് പിടിമുറുക്കിയതും പരിപാടികൾ നിലച്ചതും. മുന്നിൽ പെരുകിവരുന്ന കടം, പലിശ. വരുമാനമാർഗമില്ലാതായതോടെ മറ്റൊന്നും നോക്കിയില്ല. കൈനീട്ടാതെ കഴിയാൻ ഉപ്പേരിയും മിക്സ്ചറും എണ്ണപ്പലഹാരങ്ങളും ഉണ്ടാക്കി വിൽക്കാൻ തുടങ്ങി.

സഹായിയെ വെച്ചാണ് സംരംഭം തുടങ്ങിയതെങ്കിലും പാതിവഴിക്ക് ഒറ്റയ്ക്കായി. ഭാര്യ പ്രീതിയുണ്ട് സഹായത്തിന്. കൊവിഡ് കാരണം പരിപാടികൾക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ എന്റെയൊപ്പമുള്ള 16 കലാകാരൻമാർക്കാണ് പണിയില്ലാതായത്. 10 ലക്ഷം രൂപയ്ക്കുമേൽ കടമുണ്ട്. കടയിൽ ഇപ്പോൾ കേക്ക്, സർബത്ത്, വിവിധയിനം ഉപ്പേരികൾ എന്നിവ വിൽക്കുന്നുണ്ട്. എ സി റോഡിന്റെ പണികാരണം കാര്യമായ കച്ചവടമില്ലെങ്കിലും എല്ലാം നേരെയാകുമെന്ന പ്രതീക്ഷയുണ്ട്- മനു പറഞ്ഞു. മകൾ ചൈതന്യ പ്ലസ്ടു വിദ്യാർഥിനിയാണ്.

Follow Us:
Download App:
  • android
  • ios