അവനാഴി സിനിമയിൽ മമ്മൂട്ടി മോഷ്ടാവിനെ മർദ്ദിക്കുന്ന രംഗങ്ങൾ പങ്ക് വെച്ചാണ് എസ്ഐയുടെ ന്യായീകരണം.
ഇടുക്കി: ഒന്നിന് പുറകെ ഒന്നായി പുറത്ത് വരുന്ന കസ്റ്റഡി മർദ്ദന പരാതികളിൽ കേരള പൊലീസിന് നേരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. ഇതിനിടെ കസ്റ്റഡി മർദ്ദനത്തെ ന്യായീകരിക്കും വിധം പൊലീസ് ഉദ്യോഗസ്ഥന്റെ ഇൻസ്റ്റഗ്രാം സ്റ്റാറ്റസ്. ആവനാഴി എന്ന സിനിമയിലെ പൊലീസ് സ്റ്റേഷനിലെ മർദ്ദന രംഗങ്ങളും സംഭാഷണങ്ങളും ഉൾപ്പെടുത്തി സ്റ്റാറ്റസ് പങ്കുവച്ചത് ഇടുക്കി മറയൂർ സബ് ഇൻസ്പെക്ടർ മാഹിൻ സലീം ആണ്. സ്റ്റാറ്റസ് വിവാദമായതോടെ ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കം ചെയ്തു.
മുൻപ് എസ്എഫ്ഐ നേതാവായ വിദ്യാർത്ഥിയെ മർദ്ദിച്ചതിന് സസ്പെൻഷൻ നേരിട്ട ആളാണ് മാഹിൻ. വിദ്യാർഥിയെ സ്റ്റേഷന് ഉള്ളിലേക്ക് വലിച്ചുകയറ്റി മാഹിൻ മർദ്ദിക്കുന്ന ദൃശ്യങ്ങൾ അന്ന് പുറത്തുവന്നിരുന്നു. കോതമംഗലം സ്‌റ്റേഷനിലെ എസ് ഐ ആയിരിക്കെയാണ് മാഹിൻ വിദ്യാർത്ഥിയെ ആക്രമിച്ചത്. മാര്‍ ബസേലിയോസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ റോഷന്‍ റെന്നിക്കാണ് മർദ്ദനമേറ്റത്. റോഷന്‍റെ സുഹൃത്തിനെ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടികൊണ്ട് പോയതിനെ തുടര്‍ന്ന് മറ്റ് സുഹൃത്തുക്കളുമായി കോതമംഗലം സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം.
പൊലീസ് ഉദ്യോഗസ്ഥരോട് സംസാരിത്തുകൊണ്ടികുന്ന റോഷന്‍ റെന്നിയെ സ്റ്റേഷന് അകത്തേക്ക് വലിച്ചുകയറ്റിയ ശേഷം ഇടത് കരണത്തും ചെവിയിലും മാഹിൻ അടിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ വിദ്യാർത്ഥി പരാതി നൽകി. പിന്നാലെ മർദ്ദനത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നു. ഇതിന് പിന്നാലെ എസ് ഐയെ സസ്പെൻഡ് ചെയ്യുകയായിരുന്നു. കസ്റ്റഡി മർദ്ദനങ്ങളുടെ പേരിൽ പൊലീസ് ഒന്നടങ്കം പ്രതിരോധത്തിലായ സാഹചര്യത്തിൽ ഇത്തരത്തിലൊരു പ്രവൃത്തിയെ ഗൗരവമായാണ് പൊലീസ് ഉന്നത ഉദ്യോഗസ്ഥർ കാണുന്നത്. സംഭവത്തെക്കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി.



