തിരുവനന്തപുരം: തിരുവനന്തപുരം- കാസർകോട് സെമി ഹൈസ്പീഡ് റെയിൽവേ പാതക്കായി ഏരിയൽ സർവേ നടത്തുന്നതിന് മുന്നോടിയായുള്ള അടയാളപ്പെടുത്തൽ ആരംഭിച്ചു. ഇതോടെ പാതക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ കുടിയിറങ്ങേണ്ടി വരുമെന്ന ആശങ്കയിലാണ് പിറവത്തിനടുത്ത് മുളക്കുളം മേഖലയിലെ ജനങ്ങൾ. ആശങ്കയകറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാർ സമരം തുടങ്ങി.

തിരുവനന്തപുരത്തു നിന്നും നാലു മണിക്കൂർ കൊണ്ട് കാസർകോട് എത്തുന്നതിനാണ് സെമി ഹൈസ്പീഡ് റെയിൽ പാത നിർമ്മിക്കുന്നത്. അറുപത്തിയാറായിരം കോടി രൂപ ചെലവിൽ 2024 ൽ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യം. കേരള റെയിൽ ഡവലപ്പ്മെന്റ് കോർപ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്. 532 കിലോമീറ്ററാണ് ദൈർഘ്യം. പാതക്കായി 25 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുക്കും. ഇതനുസരിച്ച് സ്ഥലം ഏറ്റെടുക്കുമ്പോൾ പലർക്കും കിടപ്പാടം പോലും നഷ്ടപ്പെടുമെന്നാണ് ജനങ്ങളുടെ ആശങ്ക. സ്ഥലമേറ്റെടുപ്പിനെതിരെ മുളക്കുളത്ത് ജനകീയ കൺവെൻഷൻ നടത്തി.

വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് മുളക്കുളത്തുകാരുടെ തീരുമാനം. അതേസമയം ഹെലിക്കോപ്റ്റ‌‌ർ ഉപയോഗിച്ചുള്ള ലിഡാർ സർവേക്കായി പോയിന്റുകൾ അടയാളപ്പെടുത്തുക മാത്രമാണിപ്പോൾ ചെയ്തിരിക്കുന്നതെന്നാണ് കെആർഡിസി അധികൃതർ പറയുന്നത്. ഇതിനു ശേഷമേ അലൈൻമെന്റ് നിശ്ചയിക്കുകയുള്ളൂ. സംസ്ഥാനമൊട്ടാകെ ആറായിരത്തോളം കുടുംബങ്ങളെ ബാധിക്കുമെങ്കിലും 2000ത്തോളം വീടുകളേ പൊളിക്കേണ്ടി വരുകയുള്ളുവെന്നും ഇവർ പറയുന്നു. ഭൂമി ഏറ്റെടുക്കുമ്പോൾ ആഹർമായ നഷ്ട പരിഹാരം നൽകുമെന്നും നിലവിൽ റോഡുകളുള്ള സ്ഥലത്ത് ഇരു ഭാഗത്തേക്കും പോകാൻ പ്രത്യേക പാതകൾ നിർമ്മിക്കുമെന്നും കെആർഡിസി അധികൃതർ വ്യക്തമാക്കി.


Read Also: സെമി ഹൈസ്പീഡ് ട്രെയിൻ വരുന്നു; വികസനം ഊന്നിപ്പറഞ്ഞ് നയപ്രഖ്യാപനം