ഒഴിവുദിനത്തിൽ പോലും കാവശ്ശേരി പഞ്ചായത്ത് ജീവനക്കാരായ സെക്ഷൻ ക്ലർക്ക് ആതിര, ടെക്നിക്കൽ സ്റ്റാഫ് സൗമ്യ, പഞ്ചായത്ത് സെക്രട്ടറി വേണു എന്നിവർ ജോലി ചെയ്യാൻ തയ്യാറാവുകയായിരുന്നു.

കാവശ്ശേരി: അവധി ദിവസത്തെ വിവാഹം, വിവാഹ വേദിയിൽ വച്ച് നവദമ്പതികൾക്ക് വിവാഹ രജിസ്ട്രേഷൻ സ‍ർട്ടിഫിക്കറ്റ് കൈമാറി പഞ്ചായത്ത് ജീവനക്കാർ. ബെംഗളൂരു സ്വദേശിനി ലാവണ്യയുടെയും പാലക്കാട് മേലാമുറി സ്വദേശി വിഷ്ണുവിന്റെയും വിവാഹം ദീപാവലി പ്രമാണിച്ചുള്ള അവധി ദിവസമായ ഒക്ടോബർ 20 ന് ആയിരുന്നു. വിവാഹ വേദിയിൽ വെച്ചുതന്നെ കെ- സ്മാർട്ട് ആപ്പിലൂടെ വിവാഹ രജിസ്ട്രേഷൻ പൂർത്തിയാക്കി. ഇതിനായി ഒഴിവുദിനത്തിൽ പോലും കാവശ്ശേരി പഞ്ചായത്ത് ജീവനക്കാരായ സെക്ഷൻ ക്ലർക്ക് ആതിര, ടെക്നിക്കൽ സ്റ്റാഫ് സൗമ്യ, പഞ്ചായത്ത് സെക്രട്ടറി വേണു എന്നിവർ ജോലി ചെയ്യാൻ തയ്യാറാവുകയായിരുന്നു. മണിക്കൂറുകൾക്കുള്ളിൽ രജിസ്ട്രേഷൻ പൂർത്തിയാക്കി വിവാഹ വേദിയിൽ വച്ച് തന്നെ വിവാഹ സർട്ടിഫിക്കറ്റ് കൈമാറുകയും ചെയ്തു. കാവശ്ശേരി പഞ്ചായത്ത് അംഗം ശ്രീ. ടി വേലായുധൻ ആണ് നവദമ്പതികൾക്ക് സർട്ടിഫിക്കറ്റ് കൈമാറിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം