25 ദിവസം നീളുന്ന കാമ്പയിൻ്റെ ഭാഗമായി, മണ്ഡലത്തിലെ 122 വാ‌ർഡുകളിലെ മുഴുവൻ വീടുകളിലും വിദ്യാ‌‍ർത്ഥികൾ കയറി ഇറങ്ങി. ഓരോ വാർഡിലും അഞ്ചോളം വിദ്യാർത്ഥികൾ മൂന്നു ദിനരാത്രങ്ങൾ താമസിച്ചു. ആ വാർഡിലെ കുട്ടികളെ മുഴുവൻ കൂട്ടുകാരാക്കി.

തിരുവനന്തപുരം: "ആദ്യമായിട്ടൊന്നുമല്ല വീട്ടിൽ നിന്ന് മാറി നിൽക്കുന്നത്. പക്ഷേ, കാട്ടാക്കടയിൽ ഇവരുടയൊക്കെ വീടുകളിൽ താമസിച്ചപ്പോൾ എന്തോരം സ്നേഹമാണ് കിട്ടിയത്. അതിഥികളെപ്പോലെയല്ല, സ്വന്തം മക്കളെപ്പോലെയാണ് ഇവിടുത്തെ ആളുകൾ ഞങ്ങളെ നോക്കിയത്. നല്ലഭക്ഷണവും താമസവും എല്ലാത്തിനും മീതെ അടിപൊളി കൂട്ടുകാരെയും കിട്ടി. ഈ അവധിക്കാലം ഒരു സ്വപ്നംപോലെ തോന്നുന്നു. പിന്നെ മയക്കുമരുന്നിനെതിരെ ഇത്ര വലിയൊരു ക്യാമ്പെയിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനവും. ഇവിടുത്തെ അച്ഛൻമാർ ഇനി ലഹരിതൊടില്ലെന്ന് ഞങ്ങളോട് ആണയിട്ട് പറഞ്ഞത് വലിയ സന്തോഷമായി "- എൻ.എസ്.എസ്. വോളണ്ടിയറായ കീർത്തനയുടെ വാക്കുകളിൽ അഭിമാനവും സന്തോഷവും തുളുമ്പുന്നു. 

കേരളം ഇന്നേ വരെ കണ്ടിട്ടില്ലാത്തൊരു ലഹരിവിരുദ്ധ ക്യാമ്പെയിനാണ് കാട്ടാക്കട സാക്ഷ്യം വഹിച്ചത്. ഒരുമാസം നീളുന്ന ക്യാമ്പെയിന് നേതൃത്വം നൽകിയതേറെയും വിദ്യാർത്ഥികളായിരുന്നു. കാട്ടാക്കടയിലെ മുഴുവൻ ജനങ്ങളും കക്ഷി രാഷ്ട്രീയ ജാതി മത ഭേദമന്യേ കാമ്പെയിനൊപ്പം കൂടിയപ്പോൾ ഉയർന്നത് ലഹരിക്കെതിരെ കാട്ടാക്കടയിൽ നിന്നൊരു കേരള മോഡലായിരുന്നു. കൂട്ടുകൂടി മയക്കുമരുന്നിനെതിരെ പോരാടാം എന്നൊരു ആശയം മുന്നോട്ടുവച്ചത് കാട്ടാക്കട നിയോജകമണ്ഡലം എം.എൽ.എ ഐ.ബി സതീഷായിരുന്നു. ഒറ്റപ്പെട്ടുപോകുന്ന, സോഷ്യൽമീഡിയയക്ക് അടിമപ്പെടുന്ന, സൌഹൃദങ്ങളില്ലാത്ത കുട്ടികളും മുതിർന്നവരും മയക്കുമരുന്നിന്‍റെ വഴിയിൽപ്പെടുന്നു എന്ന തിരിച്ചറിവിന്‍റെ അടിസ്ഥാനത്തിലാണ് 'മയക്കുമരുന്നിനെതിരെ കാട്ടാക്കട' എന്ന ക്യാമ്പെയിൻ കൂട്ട് എന്ന പദ്ധതിയുടെ തുടർച്ച എന്ന നിലയിൽ ആരംഭിച്ചത്. 

സൌഹൃദങ്ങളും കൂട്ടായ്മകളും വഴി ഒന്നിച്ച് നിന്ന് ലഹരിക്കെതിരെ യുദ്ധം ചെയ്യാം എന്നതായിരുന്നു പ്രധാന ആശയം. എം.എൽ.എ മുന്നോട്ട് വച്ച പദ്ധതിക്ക് ജനങ്ങൾ പച്ചക്കൊടി കാണിച്ചതോടെ ഏപ്രിൽ 16ന് നെയ്യാറിന്‍റെ തീരത്തുള്ള മണ്ഡപത്തിന് കടവിൽ 'മയക്കുമരുന്നിനെതിരെ കാട്ടാക്കട' എന്ന പേരിൽ ലഹരിവിരുദ്ധ ക്യാമ്പെയിന് തുടക്കമായി. കാട്ടാക്കട നിയോജകമണ്ഡലത്തിലെ ജനപ്രതിനിധികളും സാമൂഹ്യ രാഷ്ട്രീയ കലാരംഗത്തെ പ്രമുഖരും പങ്കെടുത്ത സംഘാടക സമിതി യോഗം എം.എൽ.എ ഐ.ബി സതീഷിനെ സംഘാടക സമിതി ചെയർമാനായും നേമം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.കെ. പ്രീജയെ കോ- ചെയർപേഴ്സണായും എൻ.എസ്.എസ് സംസ്ഥാന കോ- ഓർഡിനേറ്റർ ഡോ. അൻവറിനെ കൺവീനറായും തിരഞ്ഞെടുത്തു. ആറ് പഞ്ചായത്തുതല സംഘാടക സമിതിയും രൂപീകരിച്ചു.

സാധാരണ നടക്കുന്നത് പോലൊരു ലഹരിവിരുദ്ധ ക്യാമ്പെയിനായി മാറേണ്ട പദ്ധതിക്ക് ഗിയർ ചെയ്ഞ്ചുണ്ടായി അസാമാന്യ ഗതിവേഗം കൈവരിച്ചത് വിദ്യാർത്ഥികൾ ഇടപെട്ടതോടെയാണ്. ലൈഫ് ഈസ് ബ്യൂട്ടിഫുൾ, സേ നോ ടു ഡ്രഗ്സ്, ജീവിതമാണ് ലഹരി തുടങ്ങിയ മുദ്രാവാക്യങ്ങളുടെ എൻ.എസ്.എസ് വോളണ്ടിയർമാരായ കുട്ടികൾ കാട്ടാക്കടയിലേക്കിറങ്ങി. വെറുതേ ക്യാമ്പെയിൻ നടത്തി തിരിച്ചുപോകുക ആയിരുന്നില്ല അവരുടെ ലക്ഷ്യം. 25 ദിവസം നീളുന്ന കാമ്പയിൻ്റെ ഭാഗമായി, മണ്ഡലത്തിലെ 122 വാ‌ർഡുകളിലെ മുഴുവൻ വീടുകളിലും വിദ്യാ‌‍ർത്ഥികൾ കയറി ഇറങ്ങി. ഓരോ വാർഡിലും അഞ്ചോളം വിദ്യാർത്ഥികൾ മൂന്നു ദിനരാത്രങ്ങൾ താമസിച്ചു. ആ വാർഡിലെ കുട്ടികളെ മുഴുവൻ കൂട്ടുകാരാക്കി. വീടുകളിൽ കയറി മുതിർന്നവരോട് ഇവിടെ ആരെങ്കിലും ലഹരി ഉപയോഗിക്കുന്നുണ്ടോ, നേരത്തെ ഉപയോഗിച്ചിരുന്നോ എന്നൊക്കെയുള്ള ചോദ്യങ്ങൾ ചോദിച്ചു. ക്യത്യമായി സർവെ നടത്തി. 

വീടുകൾക്കുള്ളിൽ മൊബൈലിലും ടെലിവിഷനിലും ആണ്ടിരുന്ന കുട്ടികളെ കൈപിടിച്ച് പുറത്തേക്ക് നയിച്ചു. കുഴലൂത്തുകാരന്‍റെ പിന്നാലെ എലികൾ പാഞ്ഞതുപോലെ വീടുകളിൽനിന്നിറങ്ങി കുട്ടികൾ തെരുവിൽ അണിനിരന്നു. അവർ ആടി,പാടി, കഥകൾ പറഞ്ഞു, നാടകം കളിച്ചു, കലാപരിപാടികൾ നടത്തി. വാർഡുകൾതോറും വൈകിട്ട് നടന്ന ഈ കുട്ടിക്കൂട്ടായ്മയിൽ ജനപ്രതിനിധികളും മുതിർന്നവരും പങ്കാളികളായി. 122 വാർഡുകളിലായി 600ഓളം എൻ.എസ്.എസ്. വോളണ്ടിയർമാരാണ് ലഹരി വിരുദ്ധ ബോധവത്കരണവും സർവെയും പ്രചാരണപരിപാടികളും നടത്തിയത്. വൈകുന്നേരങ്ങളിൽ നൂറുകണക്കിന് കുട്ടികളെ സംഘടിപ്പിച്ച് വാർഡുകൾതോറും കലാപരിപാടികൾ നടത്തി.

താഴെത്തട്ടിൽ ജാഗ്രതാ സമിതികൾ രൂപീകരിച്ച് മയക്കുമരുന്ന് ഉപയോഗം തടയുന്നതിനായി ടോൾഫ്രീ നമ്പരുകൾ വ്യാപകമാക്കി. അയൽക്കൂട്ടങ്ങളിലും ആശാപ്രവർത്തകരിലും സ്ത്രീജനങ്ങൾക്കിടയിലും മയക്കുമരുന്നുപയോഗിക്കുന്നവരെ കൈകാര്യം ചെയ്യേണ്ടതെങ്ങനെ, ലഹരി ഉപയോഗിക്കുന്നവരെ എങ്ങനെ തിരിച്ചറിയാം, അവരെ എങ്ങനെ നേർവഴിയിലേക്ക് നയിക്കാം, എന്തൊക്കെ നിയമസഹായം ലഭിക്കും തുടങ്ങിയ കാര്യങ്ങളിൽ അവബോധമുണ്ടാക്കി. മേയ് രണ്ടിന് കണ്ടള സ്റ്റേഡിയത്തിൽ രണ്ടായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്ത മാസ് ഡ്രില്ലും അസംബ്ളിയും മയക്കുമരുന്നിനെതിരായ കാട്ടാക്കടയുടെ യുദ്ധപ്രഖ്യാപനമായിരുന്നു. കുട്ടികളുടെ ഇടപെടൽ അഭൂതപൂർവമായ ഫലപ്രാപ്തിയാണ് ക്യാമ്പെയിന് നൽകിയത്. 2500ഓളം അയൽക്കൂട്ടങ്ങളിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി ക്യാമ്പെയിൻ്റെ ഭാഗമായി.

തൊഴിലുറപ്പ് തൊഴിലാളികൾ, ഓട്ടോറിക്ഷ ഡ്രൈവർമാരുടെ വിവിധ ട്രേഡ് യൂണിയനുകൾ, വിവിധ സാമുദായിക സംഘടനകൾ, പുരോഹിതൻമാർ, മതപണ്ഡിതർ, റസിഡൻ്റ് അസോസിയേഷൻ ഭാരവാഹികൾ, ഗ്രന്ഥശാല പ്രവർത്തകർ, സർവീസ് സംഘടന ഭാരവാഹികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങി മുഴുവൻ ജനവിഭാഗവും മയക്കുമരുന്നിനെതിരെ കാട്ടാക്കട ക്യാമ്പെയിനിൽ അണിചേർന്നു. മണ്ഡലത്തിലെ 7 പഞ്ചായത്തുകളും 22 വകുപ്പുകളും കാട്ടാക്കട നിയോജക മണ്ഡലത്തിലെ മുഴുവൻ ജനങ്ങളും ജനപ്രതിനിധികളും ഒന്നിച്ച് ചേർന്ന് മേയ് 28ന് നടത്തുന്ന മനുഷ്യചങ്ങല മാനവശൃംഖലയോടെയാണ് ഈ മഹത്തായ ക്യാമ്പെയിൻ സമാപിക്കുക. കുണ്ടമൺകടവുമുതൽ മണ്ഡപത്തിൻകടവുവരെ 18.50 കി.മീ ദൈർഘ്യത്തിൽ വൈകീട്ട് 4.30നാണ് മാനവശൃംഖല തീർക്കുക. മാനവശൃംഖലയ്ക്ക് മുന്നോടിയായി കലാജാഥ ഇരുകൈയും നീട്ടിയാണ് കാട്ടാക്കട നിയോജകമണ്ഡലത്തിലെ 6 പഞ്ചായത്തുകളിലെ ജനങ്ങൾ സ്വീകരിച്ചത്.

 കേരളത്തിന് ഏറ്റെടുക്കാനൊരു കാട്ടാക്കട മോഡൽ 

ഒരു നിയോജകമണ്ഡലം മുഴുവൻ ഒറ്റക്കെട്ടായി മയക്കുമരുന്നിനെതിരെ ഒന്നിക്കുന്ന സമാനതകളില്ലാത്ത പ്രവർത്തനമാണ് കാട്ടാക്കടയിൽ നടക്കുന്നത്. കേരളത്തിലെ മറ്റുജില്ലകൾക്കും കാട്ടാക്കടയെ മാതൃകയാക്കി മുന്നോട്ടുവരാവുന്നതാണ്. പുതുതലമുറയെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള, ബോധവത്കരണത്തിനൊപ്പം നിയമസഹായം ഉൾപ്പെടെയുള്ളവ ഉറപ്പാക്കിക്കൊണ്ടുള്ള കൃത്യമായ ആക്ഷൻ പ്ളാൻ, പദ്ധതി ആസൂത്രണം ചെയ്യുന്നതിനൊപ്പം ഓരോ കാര്യവും കൃത്യമായി നടപ്പാക്കിയ ഇച്ഛാശക്തി, രാഷ്ട്രീയ മതഭേദമന്യേ ലഹരിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ജനങ്ങൾ, അതിനൊപ്പം നിന്ന അധികാരികൾ, അവരെ നയിച്ച വിദ്യാർത്ഥികൾ എന്നിവയാണ് കാട്ടാക്കടയെ മറ്റുജില്ലകളിലെ ലഹരിവിരുദ്ധപ്പോരാട്ടത്തിൽ നിന്നും വേറിട്ടു നിറുത്തുന്നത്. ലഹരിക്കെതിരായ യുദ്ധം നിസ്സാരമല്ല. ഓരോ പ്രദേശത്തും ഓരോ വീട്ടിലും ലഹരിവിരുദ്ധ പോരാളികളെ വാർത്തെടുക്കേണ്ടതുണ്ട്. അതിനൊരു മികച്ച മാതൃകയാണ് കാട്ടാക്കട. കേരളത്തിന് ധൈര്യമായി കാട്ടാക്കട മോഡൽ ഏറ്റെടുക്കാം.