കമ്പകക്കാനം കൂട്ടക്കൊലപാതകത്തിൽ ക്വട്ടേഷൻ സംശയിച്ച് പോലീസ്. പ്രാധന പ്രതിയുടെ സുഹൃത്തിനെയും കൊലപാതകത്തിന് സമയം കുറിച്ച മന്ത്രവാദിയെയും പോലീസ് തിരയുന്നു. വണ്ണപ്പുറം കമ്പകക്കാനത്തെ മന്ത്രവാദി കൃഷ്ണൻകുട്ടിയുടെയും കുടുംബത്തിന്‍റെയും കൊലപാതകമാണ് ക്വട്ടേഷനാണോയെന്ന് പോലീസ് അന്വേഷിക്കുന്നത്. 

ഇടുക്കി: കമ്പകക്കാനം കൂട്ടക്കൊലപാതകത്തിൽ ക്വട്ടേഷൻ സംശയിച്ച് പോലീസ്. പ്രാധന പ്രതിയുടെ സുഹൃത്തിനെയും കൊലപാതകത്തിന് സമയം കുറിച്ച മന്ത്രവാദിയെയും പോലീസ് തിരയുന്നു. വണ്ണപ്പുറം കമ്പകക്കാനത്തെ മന്ത്രവാദി കൃഷ്ണൻകുട്ടിയുടെയും കുടുംബത്തിന്‍റെയും കൊലപാതകമാണ് ക്വട്ടേഷനാണോയെന്ന് പോലീസ് അന്വേഷിക്കുന്നത്. 

ഒന്നും രണ്ടും പ്രതികളായ അനീഷിനും ലിബീഷിനും പുറമേ രണ്ട് പേർ കൂടി പിടിയിലായതോടെയാണ് പോലീസിന് ഇത് സംബന്ധിച്ച സൂചന കിട്ടിയത്. കൊലപാതകത്തിനും മൃതദേഹങ്ങൾ മറവ് ചെയ്യുന്നതിനുമായ് കൈയ്യുറകൾ വാങ്ങി നൽകിയ തൊടുപുഴ ചാത്തന്മല ഇലവുങ്കൽ ശ്യാം പ്രസാദ്, കൊലപാതക ശേഷം മോഷ്ടിച്ച സ്വർണ്ണാഭരണങ്ങൾ പണയം വച്ചു പണം നൽകിയ മൂവാറ്റുപുഴ വെള്ളൂർകുന്നം പട്ടരുമഠത്തിൽ സനീഷ് എന്നിവരാണ് കഴിഞ്ഞ ദിവസം പിടിയിലായത്. 

ക്വട്ടേഷനുണ്ടെന്നും കൂടെ ചെല്ലാനും സുഹൃത്തായ രണ്ടാം പ്രതി ലിബീഷ് പറഞ്ഞതായാണ് ഇരുവരും മൊഴി നൽകിയിട്ടുളളത്. നൂറ്റിയിരുപത് കിലോ വരെ ഭാരമുണ്ടായിരുന്ന മൃതദേഹങ്ങൾ രണ്ടുപേർ ചേർന്ന് വലിച്ചിഴക്കാതെ എടുത്ത് കൊണ്ട് പോയെന്ന പ്രതികളുടെ മൊഴിയും പൂർണ്ണമായി പോലീസ് വിശ്വസിച്ചിട്ടില്ല. ഒന്നാം പ്രതി അനീഷിന്‍റെ സുഹൃത്തായ അടിമാലി സ്വദേശി കൃഷ്ണകുമാറിന് കൃഷ്ണൻകുട്ടിയുടെ മന്ത്രവാദം ഫലിക്കാതെ പോയതിൽ ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് സൂചന. 

കൃഷ്ണകുമാറിന്‍റെയോ അതുപോലെ നഷ്ടം സംഭവിച്ച തമിഴ്നാട് സ്വദേശികളുടെയോ മറ്റോ ക്വട്ടേഷനാകാം കൂട്ടക്കൊലപാതകമെന്നാണ് പോലീസ് സംശയിക്കുന്നത്. കൃഷ്ണകുമാറിനെയും കൊലപാതകത്തിന് സമയം കുറിച്ച മന്ത്രവാദിയെയും പിടികൂടിയാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന പ്രതീക്ഷയിലുമാണ് അന്വേഷണ സംഘം ഇരുവരെയും തേടുന്നത്.