കേച്ചേരി സ്വദേശി ജാബിറിന്റെ വീട്ടിലെ കിടപ്പുമുറിയിൽ നിന്നാണ് പൊലീസ് പണം കണ്ടെടുത്തത്. ഇയാളെ പിടികൂടാനായിട്ടില്ല.
തൃശൂർ: തൃശൂർ കുന്നംകുളത്ത് വൻ കള്ളനോട്ട് വേട്ട. കുന്നംകുളം കേച്ചേരിയിലാണ് 40,000 ത്തോളം രൂപയുടെ കള്ളനോട്ട് കുന്നംകുളം പൊലീസ് പിടികൂടിയത്. കേച്ചേരി സ്വദേശി ജാബിറിന്റെ വീട്ടിലെ കിടപ്പുമുറിയിൽ നിന്നാണ് പൊലീസ് പണം കണ്ടെടുത്തത്. ഇയാളെ പിടികൂടാനായിട്ടില്ല. എ ഫോർ ഷീറ്റ് പേപ്പറിൽ നൂറിന്റെയും ഇരുനൂറിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ പ്രിൻ്റ് ചെയ്തെടുത്ത് സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.
ഇന്ന് ജാബിറിന്റെ ബന്ധു പെട്രോൾ അടിക്കാനായി പമ്പിൽ കള്ളനോട്ട് നൽകിയിരുന്നു. കള്ളനോട്ട് ആണെന്ന് തിരിച്ചറിഞ്ഞ പമ്പിലെ ജീവനക്കാരി ഇത് ചോദ്യം ചെയ്തതോടെ കള്ളനോട്ട് പിടിച്ചുവാങ്ങി ജാബിറിന്റെ ബന്ധു രക്ഷപ്പെടുകയും ചെയ്തു. എന്നാൽ ജീവനക്കാരി വാഹനത്തിന്റെ ഫോട്ടോ എടുത്ത് പൊലീസിന് കൈമാറി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജാബിറിലേക്ക് പൊലീസ് എത്തുന്നത്. വിദേശത്ത് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന ജാബിർ ആറുമാസം മുമ്പാണ് ജോലി ഉപേക്ഷിച്ച് നാട്ടിൽ എത്തിയത്. ജാബിറിനായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.


