ഇന്നലെ രാവിലെ തിരുവനന്തപുരത്ത് നിന്നും കന്യാകുമാരിയിലേക്കെത്തിയ കുട്ടികളടക്കമുള്ള സംഘത്തിന്‍റെ പണവും മൊബൈൽഫോണും അടങ്ങിയ ബാഗാണ് നഷ്ടമായത്. പരാതി നൽകി
തിരുവനന്തപുരം: തലസ്ഥാനത്ത് നിന്നും തമിഴ്നാട്ടിലെ കന്യാകുമാരിയിൽ വിനോദ സഞ്ചാരത്തിനെത്തിയ കുടുംബത്തിന്‍റെ ബാഗ് ഉൾപ്പടെ മോഷ്ടാക്കൾ കവർന്നു. ഇന്നലെ രാവിലെ തിരുവനന്തപുരത്ത് നിന്നും കന്യാകുമാരിയിലേക്കെത്തിയ കുട്ടികളടക്കമുള്ള സംഘത്തിന്‍റെ പണവും മൊബൈൽഫോണും അടങ്ങിയ ബാഗാണ് നഷ്ടമായത്. കന്യാകുമാരിയിലെ ബീച്ചിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു സംഭവം. ശ്രീവരാഹം സ്വദേശിയും കുടുംബവുമടക്കം ആറുപേരാണ് കന്യാകുമാരി കാണാനായെത്തിയത്. മുത്തശ്ശിയെ ബാഗ് ഏൽപ്പിച്ചാണ് കുട്ടികളടക്കം കടലിൽ ഇറങ്ങിയത്. എന്നാൽ, കുട്ടികളെ ശ്രദ്ധിച്ചുകൊണ്ടിരുന്ന മുത്തശ്ശിയുടെ കണ്ണ് വെട്ടിച്ച് മോഷ്ടാവ് ബാഗുമായി കടക്കുകയായിരുന്നു. പരിസരത്തെല്ലാം പരിശോധന നടത്തിയെങ്കിലും വിവരം ഒന്നും ലഭിക്കാതിരുന്നതിനാൽ കന്യാകുമാരി പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് കുടുംബം. ബാഗിലുണ്ടായിരുന്ന മൊബൈൽ ഫോണിലേക്ക് വിളിച്ച് നോക്കിയെങ്കിലും സ്വിച്ച് ഓഫായ നിലയിലാണ്. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷിക്കാനൊരുങ്ങുകയാണ് പൊലീസ്.


