വീടിന്‍റെ പുറകുവശത്തെ വാതിൽ കുത്തിപ്പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കൾ ബഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ബാബുവിന്‍റെ മരുമകൾ അനീഷയുടെ വളകൾ, നെക്ളസ്, മാല എന്നിവയാണ് കവർന്നത്.

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും മോഷണം. മാറനല്ലൂരിലെ വീട്ടിൽ നിന്ന് 30 പവന്‍റെ സ്വർണാഭരണങ്ങളാണ് മോഷ്ടാക്കൾ കവർന്നത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പുന്നാവൂർ റോഡരികത്ത് കൈതയിൽ ബാബുവിന്‍റെ വീട്ടിലാണ് കവർച്ച നടന്നത്. ബാബുവും കുടുംബവും പുന്നാവൂർ കർമ്മലമാതാ പള്ളിയിൽ പോയി മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്‍റെ പുറകുവശത്തെ വാതിൽ കുത്തിപ്പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കൾ ബഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ബാബുവിന്‍റെ മരുമകൾ അനീഷയുടെ വളകൾ, നെക്ളസ്, മാല എന്നിവയാണ് കവർന്നത്. തടി അലമാര കുത്തിപ്പൊളിച്ചാണ് ആഭരണങ്ങൾ കവർന്നത്. ഇന്നലെ രാത്രി 7.30 ഓടെയാണ് ബാബുവും ഭാര്യ ഉഷയും മരുമകൾ അനീഷയും കുഞ്ഞുങ്ങളുമായി പള്ളിയിൽ പോയത്.

കുഞ്ഞിന് ഷാൾ എടുക്കാനായി അനീഷ വീട്ടിലെത്തിയപ്പോൾ വാതിൽ തകർന്ന് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടന്ന തെരച്ചിലിലാണ് ആഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. വീടിനുള്ളിലെ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലായിരുന്നു. സംഭവം അറിഞ്ഞതിന് പിന്നാലെ മാറനല്ലൂർ പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. ഇവർ പള്ളിയിലേക്ക് പോകുന്ന വിവരം അറിയാവുന്ന ആരെങ്കിലുമാണോ മോഷണത്തിന് പിന്നിലെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. നിലവിൽ സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം. 

ഏഷ്യാനെറ്റ് ലൈവ് കാണാം