ഇയാളില്‍ നിന്നും 0.30 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്

സുല്‍ത്താന്‍ബത്തേരി: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി മലപ്പുറം സ്വദേശിയെ പോലീസ് പിടികൂടി. കരിപ്പൂര്‍ വട്ടപ്പറമ്പില്‍ മുഹമ്മദ് രജീബ്(25) നെയാണ് ബത്തേരി പോലീസും ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡും പിടികൂടിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെ മുത്തങ്ങ തകരപ്പാടി പോലീസ് ചെക്ക് പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് മുഹമ്മദ് രജീബ് പിടിയിലാകുന്നത്. ഇയാളില്‍ നിന്നും 0.30 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്.

സുല്‍ത്താന്‍ബത്തേരി എസ്.ഐ ഒ.കെ രാംദാസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സി. ഷൈജു, ബി.എസ്. വരുണ്‍, സ്മിജു, സിവില്‍ പോലീസ് ഓഫീസര്‍ ഹനീഷ് എന്നിവരാണ് തകരപ്പാടിയിലെ പരിശോധന സംഘത്തിലുണ്ടായിരുന്നത്. ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡും പോലീസും സംയുക്തമായി നടത്തുന്ന ലഹരിക്കടത്തുകാരെ കണ്ടെത്താനുള്ള പരിശോധന വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് അധികാരികള്‍ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ കോഴിക്കോട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത മുക്കം കാരശ്ശേരിയില്‍ വീടിന്‍റെ ഓടിളക്കി 25 പവനോളം സ്വര്‍ണ്ണം കവര്‍ന്നു എന്നതാണ്. വീട്ടുകാര്‍ വിവാഹസല്‍ക്കാരത്തിന് പോയപ്പോഴാണ് സംഭവം. കാരശ്ശേരി കുമാരനെല്ലൂർ കൂടങ്ങര മുക്കിലെ ഷറീനയുടെ ഓടിട്ട ചെറിയ വീട്ടിലാണ് വലിയ മോഷണം നടന്നത്. ഇന്നലെ രാത്രി എട്ടു മണിക്കും 10 മണിക്കും ഇടയിലായിരുന്നു സംഭവം. ഈ സമയം വീട്ടുകാര്‍ സമീപത്തു തന്നെയുള്ള ബന്ധുവീട്ടില്‍ വിവാഹസല്‍ക്കാരത്തിന് പോയതായിരുന്നു. തിരിച്ചു വന്നപ്പോഴാണ് അലമാരയിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ആളിറങ്ങാന്‍ പാകത്തില്‍ ഓടുകള്‍ മാറ്റിയ നിലയിലായിരുന്നു. ഷെറീനയുടെ മകളുടെ 25 പവനോളം ആഭരണങ്ങളാണ് നഷ്ടമായത്. അലമാരയിലെ പെട്ടികളിലായി സൂക്ഷിച്ചതായിരുന്നു ആഭരണങ്ങൾ. സ്വര്‍ണ്ണമല്ലാതെ മറ്റു വസ്തുക്കളൊന്നും നഷ്ടമായിട്ടില്ല. ബന്ധുക്കളിലൊരാളെയാണ് വീട്ടകാര്‍ക്ക് സംശയം. ഇയാളുടെ പേരുള്‍പ്പെടെയാണ് മുക്കം പൊലീസില്‍ പരാതി നല്‍കിയത്. ഇയാളെ കേന്ദ്രീകരിച്ചും സമീപത്തെ സിസിടിവികള്‍ പരിശോധിച്ചുമാണ് മുക്കം പൊലീസിന്‍റെ അന്വേഷണം. വീട്ടുകാരെക്കുറിച്ച് നന്നായി അറിയുന്ന ആളാണ് മോഷണത്തിന് പിന്നില്‍. താമരശ്ശേരി ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും വീട്ടിൽ പരിശോധന നടത്തി. 

വീട്ടുകാർ വിവാഹ സൽക്കാരത്തിന് പോയി, ഓടിളക്കി കള്ളൻ അകത്തു കയറി, 25 പവനോളം നഷ്ടമായി; ബന്ധുവിനെതിരെ പരാതി