വയനാട്: ജില്ലയില്‍ ഒരു സർക്കാർ മെഡിക്കല്‍ കോളേജെന്ന വയനാട്ടുകാരുടെ ഏറെനാളത്തെ സ്വപ്നം യാഥാർത്ഥ്യമാകുന്നു. നടപടികള്‍ പൂർത്തിയാക്കി എത്രയും വേ​ഗം കോളേജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് അധികൃതരുടെ തീരുമാനം. 

കോഴിക്കോട് രൂപതയുടെ കീഴില്‍ ചേലോടിനടുത്തുള്ള ചുണ്ടേല്‍ കാപ്പിത്തോട്ടത്തിലെ 50 ഏക്കർ ഭൂമിയാണ് മെഡിക്കല്‍ കോളേജിനായി ഏറ്റെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. നേരത്തെ കല്‍പ്പറ്റ മടക്കിമലയില്‍ കണ്ടെത്തിയ സ്ഥലത്ത് പ്രകൃതി ദുരന്തത്തിന് സാധ്യതയുണ്ടെന്ന ജിയോളജിക്കല്‍ സർവ്വെയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ സ്ഥലം ഏറ്റെടുക്കാനുള്ള തീരുമാനം.

റവന്യൂ വകുപ്പിന്‍റെ പ്രാഥമിക പഠന റിപ്പോർട്ടും ചേലോട് എസ്റ്റേറ്റ് ഭൂമിക്ക് അനുകൂലമാണ്. 40,000 സ്ക്വയർ മീറ്ററില്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടി 25ഓളം ഡിപ്പർട്ടുമെന്‍റുകളുള്ള ആശുപത്രി ബ്ലോക്കാണ് ഇവിടെ ആദ്യഘട്ടത്തില്‍ നിർമ്മിക്കുക. മെഡിക്കല്‍ കോളേജ് നിർമ്മാണത്തിനായി കിഫ്ബി വഴി 625കോടി രൂപ ചിലവഴിക്കാനാണ് സർക്കാർ അനുമതി നല്‍കിയിരിക്കുന്നത്.