ചികിത്സ 5 ദിവസം, ഒന്നര ലക്ഷം ഇൻഷുറൻസ് നിഷേധിച്ച കമ്പനിക്ക് 'വമ്പൻ പണി', മലപ്പുറത്തെ രോഗിക്ക് നീതി കിട്ടിയ വഴി!
വളാഞ്ചേരിയിലെ ചേണ്ടിക്കുഴിയിൽ അബ്ദുൾ സലാം, ഓറിയന്റൽ ഇൻഷൂറൻസ് കമ്പനിക്കെതിരെ സമർപ്പിച്ച പരാതിയിലാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി

മലപ്പുറം: രേഖകൾ പൂർണ്ണമല്ലെന്ന് പറഞ്ഞ് ഇൻഷൂറൻസ് നിഷേധിച്ച കമ്പനിക്കെതിരെ ചികിത്സാ ചെലവും പിഴയും വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മീഷൻ. വളാഞ്ചേരിയിലെ ചേണ്ടിക്കുഴിയിൽ അബ്ദുൾ സലാം, ഓറിയന്റൽ ഇൻഷൂറൻസ് കമ്പനിക്കെതിരെ സമർപ്പിച്ച പരാതിയിലാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി.
2016 മുതൽ ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയിൽ അംഗമാണ് പരാതിക്കാരൻ. പോളിസി പ്രാബല്യത്തിലിരിക്കെ ഹൃദയ സംബന്ധമായ അസുഖത്തിന് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തേടി. അഞ്ച് ദിവസത്തെ ചികിത്സക്ക് 1,57,841 രൂപ ചെലവ് വന്നു. തുടർന്ന് ഇൻഷൂറൻസ് കമ്പനിയെ സമീപിച്ചപ്പോൾ ആനുകൂല്യം നിഷേധിക്കുകയായിരുന്നു. ചികിത്സയുടെ രേഖകൾ പൂർണ്ണമല്ലെന്ന് പറഞ്ഞാണ് ആനുകൂല്യം നിഷേധിച്ചത്. ചികിത്സയുടെ എല്ലാ രേഖകളും സമർപ്പിച്ചിട്ടും മതിയായ കാരണമില്ലാതെ അനുകൂല്യം നിഷേധിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയതോടെയാണ് ഉപഭോക്തൃ കമ്മീഷന്റെ വിധി.
ചികിത്സാ ചിലവായ 1,57,841 രൂപയും സേവനത്തിൽ വീഴ്ച വരുത്തിയതിന് 25,000 രൂപ നഷ്ടപരിഹാരവും കോടതി ചെലവായി 10,000 രൂപയും പരാതിക്കാരന് നൽകാനാണ് കെ മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ സി വി മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മീഷൻ വിധിച്ചത്. ഒരു മാസത്തിനകം വിധിസംഖ്യ നൽകാത്ത പക്ഷം വിധിസംഖ്യക്ക് ഒമ്പത് ശതമാനം പലിശ നൽകണമെന്നും വിധിയിൽ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ പത്തനംതിട്ടയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത കൊക്കാത്തോട്ടിൽ ആദിവാസി യുവതി ആംബുലൻസിൽ പ്രസവിച്ചു എന്നതാണ്. മൂഴിയാർ സ്വദേശി ബീനയാണ് ആശുപത്രിയിലേക്ക് പോകും വഴി വാഹനത്തിൽ പ്രസവിച്ചത്. കൊക്കാത്തോട്ടിലുള്ള ബന്ധവീട്ടിലെത്തിയ ഇവർക്ക് പ്രസവവേദന അനുഭവപ്പെട്ടു. വിവരമറിഞ്ഞ ട്രൈബൽ പ്രമോട്ടർമാർ ഉടൻ തന്നെ 108 ആംബുലൻസിൽ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയിയ യാത്രമധ്യേ ബീന കുഞ്ഞിന് ജന്മം നൽകി. കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു.