നിമിഷങ്ങൾക്കുള്ളിൽ മെഡിക്കൽ ഷോപ്പ് കത്തി നശിച്ചു, നഷ്ടം 10 ലക്ഷം; അപകടത്തിന് കാരണം കടയിലെ ഷോർട്ട് സർക്യൂട്ട്
പുലർച്ചെ കടയിൽ നിന്നും പുക ഉയരുന്നത് കണ്ട സമീപ വാസികൾ അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു

ഹരിപ്പാട്: മരുന്ന് വ്യാപാരശാല കത്തി നശിച്ചു. വെട്ടുവേനി അകംകുടി സ്വദേശി സാജൻ പി കോശിയുടെ ഉടമസ്ഥതയിൽ നങ്ങ്യാർകുളങ്ങര ജംഗ്ഷന് പടിഞ്ഞാറ് പ്രവർത്തിക്കുന്ന സ്വാന്തനം മെഡിക്കൽസ് ആണ് കത്തി നശിച്ചത്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടുകൂടിയാണ് സംഭവം. പുലർച്ചെ കടയിൽ നിന്നും പുക ഉയരുന്നത് കണ്ട സമീപ വാസികൾ അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു. കായംകുളം, ഹരിപ്പാട് യൂണിറ്റുകളിലെ അഗ്നിശമനസേനാ വിഭാഗം എത്തി കടയുടെ ഷട്ടർ പൊളിച്ച് തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.
കടയിൽ സൂക്ഷിച്ചിരുന്ന മരുന്നുകളും കമ്പ്യൂട്ടർ, ഫ്രിഡ്ജ്, ഫർണിച്ചർ എന്നിവയടക്കം കത്തി നശിച്ചു. ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. സമീപത്തെ കടകളിലേക്ക് തീ പടരാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. 10 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കടയുടെ സാജൻ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ജഗതിയിൽ കാർവിൽപ്പന കേന്ദ്രത്തിൽ വൻ തീപ്പിടുത്തം ഉണ്ടായി എന്നതാണ്. സെക്കറ്റ് ഹാൻഡ് കാർ ഷോറുമിലാണ് തീപിടിച്ചത്. വിവരമറിഞ്ഞെത്തിയ ഫയർ ഫോഴ്സ് പാഞ്ഞെത്തി തീ അണച്ചത് വലിയ ദുരന്തം ഒഴിവാക്കി. അപകടത്തിൽ രണ്ട് കാറുകൾക്ക് കാര്യമായ കേടുപാടും രണ്ട് കാറിന് ചെറിയ കേടുപാടും ഉണ്ടായി. മൊത്തം 20 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് കണക്ക്. കൂട്ടിയിട്ടിരുന്ന കാർഡ് ബോർഡിനാണ് ആദ്യം തീ പിടിച്ചത്. പിന്നീടാണ് ഷോറുമിൽ വലിയ തീപിടിത്തമായത്. തിരുവനന്തപുരം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ നിന്നും 3 യൂണിറ്റ് ഫയർ ടെൻഡറുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോറൂമിൽ അക്സസ്സൊറീസ് ൽ ഉണ്ടായ തീ വാഹങ്ങളിലേക്ക് പടർന്നതണ് തീപിടിത്തതിന് കാരണമായതെന്ന് കണ്ടെത്തി. എന്നാൽ അക്സസ്സെറീസ് എങ്ങനെ തീപിടിച്ചു എന്നത് വ്യക്തമല്ല. ഏകദേശം 20 ലക്ഷം രൂപയുടെ നാശ നഷ്ടം കണക്കാക്കുന്നു. ഫയർ സേഫ്റ്റി ഓഫീസർ അനിൽകുമാറിന്റെ നേതൃത്വത്തിൽ അജിത്കുമാർ, രതീഷ്, രഞ്ജിത്, അരുൺ, സാനിത്, ശ്രീജിത്ത് അരുൺ, റസീഫ്, വിവേക്, ശ്രീരാജ് നായർ, ബിജുമോൻ, സന്തോഷ്, ദീപുകുമാർ, സതീശൻനായർ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയ സംഘത്തിലുണ്ടായിരുന്നത്.