ഇത്തവണത്തെ നെഹ്റു ട്രോഫി വള്ളംകളിയുടെ ഔദ്യോഗിക ഭാഗ്യചിഹ്നത്തിന് പിന്നിൽ ആലപ്പുഴ സ്വദേശിയായ ഹരിൻ പുന്നപ്രയാണ്. 16 വർഷമായി ഗ്രാഫിക് ഡിസൈനറായി പ്രവർത്തിക്കുന്ന ഹരിൻ ശ്രദ്ധേയമായ നിരവധി നോവലുകളുടെ കവർ പേജും ചെയ്തിട്ടുണ്ട്.

ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഔദ്യോഗിക ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ട ചുണ്ടൻ വള്ളം തുഴയുന്ന വേഴാമ്പൽ ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ഇത്തവണത്തെ ഭാ​ഗ്യചിഹ്നത്തിന് പിന്നിൽ ആലപ്പുഴ സ്വദേശി ഹരിൻ പുന്നപ്രയാണ്. കേരളത്തിന്റെ സമ്പന്നമായ വള്ളംകളി പാരമ്പര്യവും സംസ്ഥാന പക്ഷിയായ വേഴാമ്പലിനെയും സമന്വയിപ്പിച്ചാണ് ഹരിൻ ഭാഗ്യചിഹ്നം ഒരുക്കിയത്.

ചുണ്ടൻ വള്ളം തുഴയുന്ന വേഴാമ്പലിന്റെ രൂപമാണ് ഭാ​ഗ്യചിഹ്നത്തിന്റെ പ്രധാന പ്രത്യേകത. ജലമേളയുടെ ആവേശവും കേരളത്തിന്റെ സാംസ്കാരിക പൈതൃകവും ഒരുപോലെ പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പുന്നപ്ര സ്വദേശിയായ ഹരിൻ നിരവധി വ്യത്യസ്ത ഗ്രാഫിക് ഡിസൈനുകളിലൂടെ ശ്രദ്ധ നേടിയിട്ടുണ്ട്. 16 വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഹരിൻ ശ്രദ്ധേയമായ നിരവധി നോവലുകളുടെ കവർ പേജും ഡിസൈൻ ചെയ്തിട്ടുണ്ട്. റാം c/o ആനന്ദി, രാത്രി 12ന് ശേഷം, പ്രേമലു തിരക്കഥ, നീലച്ചടയൻ തുടങ്ങിയവയാണ് അവയിൽ ചിലത്.

സാമൂഹ്യ വിഷയങ്ങൾ, ബ്രാൻഡിങ്, ദൃശ്യാവിഷ്കാരങ്ങൾ എന്നിവയിൽ ശ്രദ്ധേയമായ നിരവധി ഡിസൈനുകൾ ഹരിൻ ഒരുക്കിയിട്ടുണ്ട്. നെഹ്റു ട്രോഫി വള്ളംകളിയുടെ ഔദ്യോഗിക ഭാഗ്യചിഹ്നമായി തന്റെ ഡിസൈൻ തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് ഹരിൻ പറഞ്ഞു. ഓഗസ്റ്റ് 22ന് ആലപ്പുഴ പുന്നമടക്കായലിലാണ് 72-ാമത് നെഹ്റു ട്രോഫി ജലമേള നടക്കുന്നത്.