പോസ്റ്റ് ഓഫീസ് വഴി മേഘാലയയിൽ നിന്ന് കഞ്ചാവ് കടത്തിയ കൊല്ലങ്കോട് സ്വദേശി ജിജിറ്റിനെ എക്സൈസ് പിടികൂടി. 20ഓളം നായ്ക്കളുടെ സംരക്ഷണത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ, ബിസ്‌ക്കറ്റ് നൽകി നായ്ക്കളെ വരുതിയിലാക്കിയ ശേഷമാണ് സാഹസികമായി പിടികൂടിയത്.
പാലക്കാട്: പോസ്റ്റ് ഓഫീസ് പാഴ്സൽ വഴി മേഘാലയയിൽ നിന്ന് സുഹൃത്തുക്കളുടെ പേരിൽ കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ പ്രതിയെ സാഹസികമായി പിടികൂടി എക്സൈസ് സംഘം. പാലക്കാട് കൊല്ലങ്കോട് സ്വദേശി ജിജിറ്റ് ആണ് പിടിയിലായത്. 20ഓളം നായ്ക്കളുടെ സംരക്ഷണത്തിൽ ഒളിവിൽ കഴിയുകയായിരുന്നു ജിജിറ്റ്. കഴിഞ്ഞ ഫെബ്രുവരി നാലിലാണ് കൊല്ലങ്കോട് പോസ്റ്റ് ഓഫീസിലേക്ക് മേഘാലയിൽ നിന്നും ഒരുപാഴ്സൽ എത്തിയത്. സംശയം തോന്നി പരിശോധിച്ചപ്പോൾ 7.5 കിലോ കഞ്ചാവ് ആണ് കണ്ടെത്തിയത്.
സംഭവത്തിൽ സഹോദരങ്ങളായ കൊല്ലങ്കോട് സ്വദേശി ആർ.സഞ്ജയും സഹോദരൻ ആർ.രാഹുലും എക്സൈസ് പിടിയിലായിരുന്നു. ഇവരുടെ പേരിലാണ് കഞ്ചാവ് പാഴ്‌സൽ എത്തിയത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ജിജിറ്റാണ് തങ്ങളുടെ പേരിൽ കഞ്ചാവ് ഓർഡർ ചെയ്ത് കേരളത്തിലേക്ക് എത്തിച്ചതെന്ന് യുവാക്കൾ എക്സൈസിന് മൊഴി നൽകിയത്. പാഴ്സൽ പിടിക്കപ്പെട്ടതോടെ നാലര മാസമായി ഒളിവിലായിരുന്നു ജിജിറ്റ്. ഇതിനിടെ പാലക്കാട് നഗരത്തിനോട് ചേർന്നുള്ള പുത്തൂരിലെ വാടകവീട്ടിൽ പ്രതി ഒളിവിൽ കഴിയുന്നുണ്ടെന്ന് എക്സൈസിനെ വിവരം ലഭിച്ചു.
ഇയാൾ കഴിയുന്നത് നിരവധി നായ്ക്കളുടെ സംരക്ഷണത്തിൽ ആണെന്ന് ഉദ്യോഗസ്ഥർക്ക് നിരീക്ഷണത്തിൽ വ്യക്തമായി. അതിനാൽ പ്രതിയെ പിടികൂടാൻ ഉദ്യോഗസ്ഥർ എത്തിയത് ബിസ്‌കറ്റ് പാക്കറ്റുകളുമായാണ്. പുലർച്ചെ പ്രതിയുടെ വീട്ടിൽ എത്തിയപ്പോൾ അകത്തു കടക്കാൻ അനുവദിക്കാതെ നായ്ക്കൾ പാഞ്ഞെത്തി. പരിശോധനയ്ക്കിടെ വീട്ടിൽ നായ്ക്കളെ അഴിച്ചുവിട്ട് പ്രതിയും വീട്ടുകാരും പരിഭ്രാന്തി പരത്തി. 20 ഓളം നായ്ക്കളെ വീടിനു ചുറ്റും നിർത്തിയാണ് ജിജിറ്റ് എക്സൈസ് ഉദ്യോഗസ്ഥരിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചത്.
ഒടുവിൽ നായ്ക്കൾക്ക് ബിസ്‌ക്കറ്റ് നൽകി വരുതിയിലാക്കിയ ശേഷം സാഹസികമായാണ് എക് സൈസ് സംഘം വീടിനകത്ത് കയറിയത്. മറ്റ് വഴിയില്ലാതെ പ്രതി കീഴടങ്ങി. ഇവർക്ക് മേഘാലയിൽ നിന്ന് ആരാണ് കഞ്ചാവ് എത്തിച്ചത്, ആരാണ് ഇവർക്ക് സാമ്പത്തിക സഹായം നൽകുന്നത് തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചു വരികയാണ് അന്വേഷണ സംഘം അറിയിച്ചു.



