ആലുവ സ്വദേശിക്ക് പത്ത് ലക്ഷം രൂപയ്ക്ക് മുക്കുപണ്ടം നൽകി പറ്റിച്ചവർ പിടിയിൽ

കൊച്ചി: മുക്കുപണ്ടം കൊടുത്ത് പണം തട്ടിയ കേസിൽ രണ്ട് പേർ പിടിയിൽ. എറണാകുളം കളമശേരിയിലാണ് സംഭവം. കർണാടക ശ്രീരംഗപട്ടണത്തിനടുത്ത് സാഗര ബസാർ ലൈനിൽ നന്ദ് ലാൽ (28), ശ്രീരംഗപട്ടണത്തിനടുത്ത് ബെലഗോള തലക്കോട് ഫയൽ സ്വദേശി ലഖാൻ എം പവാർ (32) എന്നിവരാണ് പിടിയിലായത്. കളമശേരി പൊലീസാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ആലുവ സ്വദേശിയെയാണ് ഇവർ മുക്കുപണ്ടം കൊടുത്ത് പറ്റിച്ച് പണം തട്ടിയത്.

കളമശേരി പ്രീമിയർ ജങ്ഷൻ ഭാഗത്ത് ഓഗസ്റ്റ് നാലിന് വൈകിട്ട് മൂന്ന് മണിയോടെയാണ് ഇടപാട് നടന്നത്. പത്ത് ലക്ഷം രൂപ തന്നാൽ രണ്ട് കിലോ സ്വർണം തരാമെന്ന് പ്രതികൾ ആലുവ സ്വദേശിക്ക് വാഗ്ദാനം നൽകി. അന്ന് തന്നെ പണം കൈപ്പറ്റിയ പ്രതികൾ സ്വർണമെന്ന പേരിൽ മുക്കുപണ്ടം നൽകുകയായിരുന്നു. പറ്റിക്കപ്പെട്ടെന്ന് മനസിലാക്കിയ ആലുവ സ്വദേശി പിന്നീട് കളമശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പ്രതികളെ കുറിച്ച് വിവരം ലഭിച്ച പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. ഇവരെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി.

കളമശേരി പൊലീസ് ഇൻസ്പെക്ടർ ടി ദിലീഷിൻ്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. എസ്ഐ എകെ എൽദോയും സിപിഒമാരായ മാഹിൻ അബൂബക്കർ, ഷിബു, വിനു എന്നിവർ പ്രതികളെ തെരഞ്ഞ് മൈസുരുവിലേക്ക് പോയിരുന്നു. ഇവിടെ നിന്നാണ് ഇരുവരെയും കണ്ടെത്തി അറസ്റ്റ് ചെയ്തത്.

YouTube video player