മൂന്നാര്‍: പെട്ടിമുടി ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്കുള്ള അനുശോചനമായി ചൊവ്വാഴ്‌ച കടകള്‍ അടച്ചിടുമെന്ന് മൂന്നാറിലെ വ്യാപാരികള്‍. പെട്ടിമുടിയില്‍ പോകാന്‍ കഴിയാത്തതിനാല്‍ മൂന്നാര്‍ ടൗണിലാകും അനുശോചന യോഗങ്ങള്‍ നടത്തുക. മൂന്നാറുമായി ബന്ധപ്പെട്ട് കഴിയുന്ന തൊഴിലാളികളുടെ മരണം തീരാനഷ്ടമാണെന്ന് വ്യാപാരികള്‍ പ്രതികരിച്ചു.

ഉരുൾപൊട്ടലുണ്ടായ രാജമല പെട്ടിമുടിയിലെ തെരച്ചിൽ പതിനൊന്നാം ദിവസമായ ഇന്നും തുടരുകയാണ്. 180 പേരുടെ സംഘമാണ് ഇന്ന് തെരച്ചിലിന് ഇറങ്ങിയത്. പെട്ടിമുടിയിൽ നിന്ന് ആറ് കിലോമീറ്റർ മാറി കന്നിയാറിലാണ് തെരച്ചിൽ. 12 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. 58 മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തു. അവസാനയാളെയും കണ്ടെത്തുംവരെ തെരച്ചിൽ തുടരാനാണ് ജില്ല ഭരണകൂടത്തിന്‍റെ തീരുമാനം. 

അതേസമയം അപകടമുണ്ടായി 11 ദിവസം കഴിഞ്ഞിട്ടും രക്ഷപ്പെട്ടവരുടെ പുനരധിവാസം നടപ്പായില്ല. പകുതിപേരും ഇപ്പോഴും ബന്ധുവീടുകളിൽ കഴിയുകയാണ്. ലയങ്ങള്‍ അറ്റകുറ്റപ്പണി നടത്തി വിട്ടുനല്‍കുമെന്നും തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹാരം കാണുമെന്നും കണ്ണന്‍ ദേവന്‍ കമ്പനി അധികൃതര്‍ ഇതിനിടെ അറിയിച്ചു. തൊഴിലാളികള്‍ ആവശ്യപ്പെടുന്ന മേഖലകളില്‍ ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്നും കമ്പനി വ്യക്തമാക്കി. 

ലയങ്ങളില്‍ അറ്റകുറ്റപ്പണിയും മുന്‍കരുതല്‍ സംവിധാനങ്ങളും ഉടന്‍: കണ്ണന്‍ ദേവന്‍ കമ്പനി

നിര്‍മ്മാണപ്രവര്‍ത്തനങ്ങളല്ല, പെട്ടിമുടി ദുരന്തത്തിന് കാരണം ശക്തമായ മഴയെന്ന് ബി അജയകുമാര്‍